ജോലിയും ശമ്പളവുമില്ലാതെ ജുബൈലിൽ കുടുങ്ങിയ ഇന്ത്യൻ തൊഴിലാളികൾക്ക് ആശ്വാസം
text_fieldsതൊഴിൽ വകുപ്പ് അന്വേഷണ വിഭാഗം ഓഫിസർ മുസാഅദ്
അൽ അഹ്മരിയും സാമൂഹിക പ്രവർത്തകൻ സൈഫുദ്ദീൻ
പൊറ്റശ്ശേരിയും എംബസി ഉദ്യോഗസ്ഥൻ സഅദുല്ലയും തൊഴിലാളികളുമായി സംസാരിക്കുന്നു
ജുബൈൽ: വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിലെ ഇന്ത്യൻ തൊഴിലാളികൾ ഏഴെട്ട് മാസങ്ങളായി ശമ്പളവും ജോലിയുമില്ലാതെ നാട്ടിൽ പോവാനും കഴിയാതെ പ്രതിസന്ധിയിലകപ്പെട്ടിരിക്കുയാണ്. കേരളം, ഉത്തർപ്രദേശ്, ബീഹാർ, തമിഴ്നാട്, ഒഡിഷ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് പ്രയാസത്തിലകപ്പെട്ടത്. പരിഹാരം കാണാൻ കഴിയാതെ അനന്തമായി നീണ്ടു പോവുന്നതിനാൽ വിഷയം കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും എംബസിയിൽ വിവരമറിയിക്കുകയും ചെയ്തതിനെ തുടർന്ന് ഇന്ത്യൻ എംബസി തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാര മാർഗത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി പ്രവാസി വെൽഫെയർ ജുബൈൽ ജന സേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളന്റിയറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയും ഇന്ത്യൻ എംബസി ലേബർ വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥനായ സഅദുള്ളയും ജുബൈൽ അൽജുഐമ ഏരിയ ലേബർ ഓഫിസ് സന്ദർശിച്ചു. ശേഷം ലേബർ ഓഫീസർ മുത്ത് ലഖ് ഖഹ്ത്താനിയും, സഹ ഉദ്യോഗസ്ഥൻ ഹഖീം അബൂജവാദും, തൊഴിൽ തർക്കപരിഹാര വിഭാഗം ഓഫീസർ ഹസൻ ഹംബൂബയുടെയും സാന്നിധ്യത്തിൽ ചർച്ച നടത്തി തുടർനടപടികളെ കുറിച്ച് ആലോചിച്ചു.
തദടിസ്ഥാനത്തിൽ ലേബർ ഓഫിസറുടെ നിർദേശപ്രകാരം തൊഴിൽ വകുപ്പ് അന്വേഷണ വിഭാഗം ഓഫിസർ മുസാഅദ് അൽ അഹ്മരിയും സൈഫുദ്ദീൻ പൊറ്റശ്ശേരിയും സഅദുള്ളയും ചേർന്ന് കമ്പനി ജോലിക്കാരുടെ ക്യാമ്പ് സന്ദർശിച്ച് മുഴുവൻ ഇന്ത്യൻ തൊഴിലാളികളേയും നേരിട്ടു കണ്ട് കാര്യങ്ങൾ അന്വേഷിച്ചു. പരിഹാര മാർഗം അറിയിക്കുകയും തുടർ നടപടികൾ ആരംഭിക്കുകയും ചെയ്തതോടെ ഏറെ പ്രതീക്ഷയിലാണ് തൊഴിലാളികൾ.
കൂടാതെ, നേരത്തേ ഫൈനൽ എക്സിറ്റ് ലഭിച്ച് കാലാവധി തീർന്ന് നാട്ടിൽ പോവാൻ കഴിയാത്ത തൊഴിലാളികൾക്ക് ജുബൈൽ ജവാസാത്തുമായി ബന്ധപ്പെട്ട് തടസം നീക്കാനായി സൈഫുദ്ദീൻ പൊറ്റശ്ശേരി ശ്രമം നടത്തുന്നുണ്ട്. മറ്റു തടസ്സങ്ങൾ ഒന്നുമില്ലാത്ത തൊഴിലാളികളിൽ എൺപതോളം പേർക്ക് ഫൈനൽ എക്സിറ്റിന്റെ നടപടിക്രമങ്ങൾ തുടങ്ങിയതായി തൊഴിൽ വിഭാഗം ഓഫീസർ മുഹമ്മദ് അൽ ഖുവൈലിദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

