മാനവബോധത്തിലെ ഒത്തുചേരൽ നവോദയയുടെ പ്രസക്തി -സജി ചെറിയാൻ
text_fieldsനവോദയ സംഘടിപ്പിച്ച വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വിതരണം സജി ചെറിയാൻ എം.എൽ.എ നിർവഹിക്കുന്നു
ദമ്മാം: വിശാലമായ മാനവിക ബോധത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ സംഘടിപ്പിക്കാൻ കഴിഞ്ഞതാണ് നവോദയയുടെ പ്രസക്തിയെന്ന് മുൻ മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. 'നവോദയ ദിന'വും സ്കോളർഷിപ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 10, 12 ക്ലാസുകളിൽ 90 ശതമാനത്തിൽ അധികം മാർക്ക് ലഭിക്കുന്ന സൗദിയിലും നാട്ടിലും ഉള്ള നവോദയ അംഗങ്ങളുടെ കുട്ടികൾക്ക് 2010 മുതൽ സംഘടന സ്കോളർഷിപ് നല്കിവരുന്നു. ഈവർഷം ഇത്തരത്തിൽ 331 കുട്ടികളാണ് സ്കോളർഷിപ്പിന് അർഹരായത്. ഇതിൽ 10-ാം ക്ലാസിൽനിന്ന് 184 പേരും 12-ാം ക്ലാസിൽനിന്ന് 147 കുട്ടികളും ഉൾപ്പെടുന്നു. ചടങ്ങിൽ നവോദയ കുടുംബവേദി പ്രഥമ പ്രസിഡൻറായിരുന്ന ലത്തീഫിന്റെ പേരിൽ കുടുംബം ഏർപ്പെടുത്തിയ സ്കോളർഷിപ് ഗായത്രി ജഗദീഷിന് ലത്തീഫിന്റെ മകൻ അഖിൽ കൈമാറി.
കേന്ദ്ര പ്രസിഡൻറ് ലക്ഷ്മണൻ കണ്ടമ്പേത്ത് ആധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ബഷീർ വാരോട്, കെ.എം.സി.സി പ്രതിനിധി ഹമീദ് വടകര, ഒ.ഐ.സി.സി പ്രതിനിധി ഇ.കെ. സലിം, മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, സാമൂഹികപ്രവർത്തകൻ നാസ് വക്കം എന്നിവർ സംസാരിച്ചു. മുഹമ്മദ് നജാത്തി, പി.ടി. അലവി, നന്ദിനി മോഹൻ, സുരയ്യ ഹമീദ്, രശ്മി രാമചന്ദ്രൻ, സുനിൽ മുഹമ്മദ്, ആൽബിൻ ജോസഫ്, പവനൻ മൂലക്കീൽ, എം.എം. നയീം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ അർഹരായ കുട്ടികൾക്ക് സ്കോളർഷിപ് വിതരണം നിർവഹിച്ചു. തുടർന്ന് കേരളീയ സാംസ്കാരികത വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. ജനറൽ സെക്രട്ടറി റഹീം മടത്തറ സ്വാഗതവും ട്രഷറർ കൃഷ്ണകുമാർ ചവറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

