ഭയന്നുറങ്ങിയ 18 ആണ്ടുകൾക്കറുതി, റഹീമിന് ഇനി ആശ്വാസദിനങ്ങൾ
text_fieldsറിയാദ്: വധശിക്ഷയും കാത്ത് 18 വർഷമായി ജയിലിൽ ഭയന്നുറങ്ങിയ അബ്ദുൽ റഹീമിന് ഇനി സമാധാനത്തോടെ ഉറങ്ങാം. ദിയാധനം സമാഹരിക്കലും മാപ്പ് നൽകലും ചെക്ക് കോടതിയിൽ ഹാജരാക്കലും തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം പുറത്ത് നടക്കുന്നുണ്ടെന്ന വിവരം അറിയുന്നുണ്ടെങ്കിലും വധശിക്ഷ എന്ന വിധി ആധിയായി ഉറക്കം കെടുത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് വ്യാഥിയുടെ ആ കനലണഞ്ഞത്. ഇനി മോചനദിനം കാത്തിരിക്കണമെങ്കിലും ജീവന് ഭീഷണിയില്ല.
ജയിൽ വാസത്തിനിടെ കോടതിയിൽ ഹാജരാക്കുന്നതിനും വിരലടയാളം എടുക്കുന്നതിനുമൊക്കെയായി ഉദ്യോഗസ്ഥർ കൂട്ടി ക്കൊണ്ടുപോകുമ്പോൾ റഹീം ഭയക്കുമായിരുന്നു. വിധി നടപ്പാക്കാനാണോ ഈ കൂട്ടിക്കൊണ്ടുപോകലെന്ന്. ജയിലിൽ തിരിച്ചെത്തുമ്പോഴാണ് ശ്വാസം നേരെ വീഴുന്നത്. ചൊവ്വാഴ്ച വന്ന കോടതി വിധിയോടെ നീങ്ങിയത് സ്വൈര ജീവിതത്തിന് മീതെയുള്ള കരിനിഴലാണ്. മകനെയും കാത്ത് കോഴിക്കോട് ഫറോക് കോടമ്പുഴയിലെ വീട്ടിൽ ഉള്ളുരുകി പ്രാർഥിച്ച് കണ്ണീരൊഴുക്കി 18 വർഷത്തെ ഒരു മാതാവിന്റെ കാത്തിരിപ്പിന്റെ ഏട് കൂടിയുണ്ട് ഈ സംഭവത്തോടൊപ്പം ചേർത്തെഴുതാൻ.
ആ മാതാവും കോടതി വിധിയറിഞ്ഞ് ആനന്ദാശ്രു പൊഴിക്കുകയാണ്. മകന്റെ ജീവൻ രക്ഷപ്പെട്ടെന്ന വാർത്ത അവർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ഉറക്കം നഷ്ടപ്പെട്ടിട്ട് വർഷങ്ങളേറെയായിരുന്നു. എത്രയും വേഗം മകൻ ചാരത്തണയുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ആ ഉമ്മ. ഒന്നരക്കോടി റിയാൽ ദിയാധനം നൽകിയാൽ മാപ്പ് നൽകാമെന്ന അനുരഞ്ജനം സമ്മതിക്കുമ്പോഴും പണം സമാഹരിക്കാനുള്ള വഴികളൊന്നും കണ്ടിരുന്നില്ല സഹായസമിതി ഭാരവാഹികൾ.
ആശ്വാസവിധിയുടെ ആഹ്ലാദത്തിൽ റിയാദ് സഹായ സമിതി അംഗങ്ങൾ ഒത്തുകൂടിയപ്പോൾ
വിജയിച്ചത് ജനകീയ കാമ്പയിൻ
നിശ്ചിത സമയത്തിനകം പണം നൽകിയാലേ കരാർ പാലിക്കപ്പെടുകയുള്ളൂ എന്നും വ്യവസ്ഥയുണ്ടായിരുന്നു. ഈ വർഷം ഫെബ്രുവരി അവസാന വാരത്തിലാണ് പണം എങ്ങനെ സമാഹരിക്കണമെന്ന കാര്യത്തിൽ സഹായസമിതി മുഖ്യരക്ഷാധികാരി അഷ്റഫ് വേങ്ങാട്ടിന്റെ നേതൃത്വത്തിൽ ഗൗരവ ചർച്ച ആരംഭിക്കുന്നത്. സഹായ സമിതി ചെയർമാൻ സി.പി. മുസ്തഫ, കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, വൈസ് ചെയർമാൻ മുനീബ് പാഴൂർ, സിദ്ദീഖ് തുവ്വൂർ, കോഓഡിനേറ്റർ ഹർഷദ് ഫറോക്, കുഞ്ഞോയി കോടമ്പുഴ, മൊഹിയുദ്ദീൻ ചേവായൂർ എന്നിവർ പങ്കെടുത്ത യോഗം റിയാദ് പൊതുസമൂഹത്തെ ഇക്കാര്യം അറിയിക്കാനും പൊതുസമൂഹത്തോട് വിവരം പറയാനും തീരുമാനമെടുത്തു.
അതേ യോഗത്തിൽതന്നെ പണസമാഹരണത്തിന് ആപ് വേണമെന്ന നിർദേശത്തിനും അംഗീകാരം നൽകി. പിന്നീട് ഏപ്രിൽ 28ന് ഐ.ടി വിദഗ്ധരെ ഉൾപ്പെടുത്തി ആപ് നിർമാണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. പരിചയസമ്പന്നരായ ഏജൻസിയെ ആപ് നിർമാണത്തിന് ചുമതലപ്പെടുത്താനും ആപ്ലിക്കേഷൻ വികസിപ്പിക്കാനും ആവശ്യമായ സഹായങ്ങൾ നൽകാൻ റിയാദ് സഹായ സമിതിയിലെ ഐ.ടി വിദഗ്ധർ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
അതോടൊപ്പം മാധ്യമങ്ങൾ വഴി വാർത്തകൾ നൽകി പൊതുസമൂഹത്തെ സജ്ജമാക്കി. മാർച്ച് 20ന് റിയാദിലെ സഹായ സമിതി പൊതുയോഗം ചേർന്ന് പണം സമാഹരിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങാൻ തീരുമാനമെടുത്തു. ബിരിയാണി ചലഞ്ച് ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്കരിച്ചു. റിയാദിലെ മുഴുവൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും യോഗം വിളിച്ച് വിഷയം ലോകത്തിന് മുന്നിലെത്തിക്കാൻ ആവശ്യപ്പെട്ടു. സാധ്യമാകുന്ന രീതിയിലെല്ലാം മാധ്യമങ്ങൾ സഹായിച്ചപ്പോൾ വിഷയം ലോകശ്രദ്ധയിലെത്തി. മാർച്ച് ആദ്യവാരം ആപ് പ്രവർത്തന സജ്ജമായി. അതോടൊപ്പം നാട്ടിലെ റഹീം സഹായ ട്രസ്റ്റ് നിലവിൽവരുകയും ചെയ്തു. അടിസ്ഥാന കടമ്പകളെല്ലാം കടന്നപ്പോൾ നാട്ടിലും പണം സമാഹരിക്കാനുള്ള നീക്കങ്ങൾ ചടുലമായി.
റഹീം കേസുമായി തുടക്കം മുതൽ ബന്ധപ്പെട്ട് വാർത്തകളും മറ്റ് സഹായങ്ങളും നൽകിയിരുന്ന ഷകീബ് കൊളക്കാടൻ, റഹീം സഹായസമിതി പ്രവർത്തകരായ നാസർ കാരന്തൂർ, മൊയ്തീൻ കോയ കല്ലമ്പാറ എന്നിവർ അഷ്റഫ് വേങ്ങാട്ടിന്റെ നേതൃത്വത്തിൽ ധനസമാഹരണത്തിന് ആഹ്വനം ചെയ്യണമെന്ന് അഭ്യർഥിച്ച് സാമൂഹിക, രാഷ്ട്രീയ, മത നേതാക്കളെ കണ്ട് പ്രചാരണം ശക്തിമാക്കി. മറുവാക്ക് പറയാതെ അവരെല്ലാം പൂർണപിന്തുണ നൽകി. വൈകാതെ നേതാക്കളുടെ വിഡിയോ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
പിരിഞ്ഞത് 47 കോടി രൂപ
അതിനിടയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണൂർ ‘യാചനയാത്ര’ എന്ന പേരിൽ കേരളമാകെ പണസമാഹരണ കാമ്പയിനും ആരംഭിച്ചു. ഏപ്രിൽ ഒമ്പത് വരെ തണുത്ത പ്രതികരണമായിരുന്നു ഫണ്ട് സമാഹരണത്തിനുണ്ടായിരുന്നത്. പിന്നീടുള്ള മൂന്ന് ദിവസം കൊണ്ടാണ് ധനസമാഹരണം കൊടുമ്പിരി കൊണ്ടത്. ഏകദേശം 47 കോടി രൂപയിലെത്തിയിട്ടും ഒഴുക്ക് ഒതുങ്ങിയില്ല. അക്കൗണ്ട് പൂട്ടിയിട്ടും പണം നൽകാൻ ആളുകൾ മറ്റ് വഴികൾ തേടിക്കൊണ്ടിരുന്നു. റഹീമിന്റെ ഫറോക്കിലെ വീട്ടിലേക്ക് നോട്ടുകെട്ടുകളുമായി സഹായ മനസ്കരെത്തിക്കൊണ്ടിരുന്നു.
കേസിന്റെ കാര്യങ്ങളിലെല്ലാം റിയാദിൽ വിശ്രമമില്ലാതെ പ്രവർത്തിച്ചത് ഇന്ത്യൻ എംബസിയും എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീം കുടുംബത്തിന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദീഖ് തുവ്വൂരുമാണ്. ആദ്യ ഘട്ടമായി സമാഹരിച്ച തുകയിൽനിന്ന് ഏഴര ലക്ഷം സൗദി റിയാൽ വക്കീൽ ഫീസായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി റിയാദിലെ എംബസിയിലേക്ക് അയക്കുകയും വക്കീലിന് കൈമാറുകയും ചെയ്തു. പിന്നീട് കുടുംബം മാപ്പ് നൽകിക്കൊണ്ടുള്ള അനുരഞ്ജന കരാർ തയാറാക്കി. അപ്പോഴേക്കും ഒന്നരക്കോടി സൗദി റിയാലിന്റെ ദിയാധന തുകയും എംബസിയിലെത്തി. സർട്ടിഫൈഡ് ചെക്കാക്കി അത് റിയാദ് ഗവർണറേറ്റിന് നൽകി.
കൊല്ലപ്പെട്ട അനസിന്റെ കുടുംബ വക്കീൽ മാപ്പ് നൽകി കൊണ്ടുള്ള കരാറിൽ ഒപ്പുവെച്ചു. ഗവർണറേറ്റ് രേഖകൾ വൈകാതെ കോടതിയിലേക്ക് കൈമാറി. കഴിഞ്ഞ ഞായറാഴ്ച കോടതി റഹീമിനെ വിളിപ്പിച്ചെങ്കിലും അന്ന് ആ കേസ് എടുത്തില്ല. തുടർന്നാണ് ചൊവ്വാഴ്ച കോടതി സമയം കൊടുത്തത്. അതിരാവിലെ തന്നെ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും സിദ്ദീഖ് തുവ്വൂരും വക്കീലും കോടതിയിലെത്തി. ഉച്ചയോടെ കേസ് വിളിച്ചു. റഹീമിനെ ഓൺലൈനായി കോടതിയിൽ ഹാജരാക്കി. രേഖകളെല്ലാം പരിശോധിച്ച് ജഡ്ജി വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവിൽ ഒപ്പു വെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

