പ്രവാസി പുനരധിവാസം സാധ്യമാക്കണം –നവോദയ
text_fieldsദമ്മാം: ദീർഘവീക്ഷണത്തോടെ ദീര്‍ഘകാല പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രവാസി പുനരധിവാസം സാധ്യമാക്കണമെന്ന് ദമ്മാം നവോദയ ദല്ല ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിസന്ധിയിലായിരുന്ന ഗള്‍ഫ് പ്രവാസം കോവിഡ് മഹാമാരിയുടെ വരവോടെ കൂടുതല്‍ ഗുരുതരമായിരിക്കുകയാണ്.
കഴിഞ്ഞ 13 മാസത്തിനിടെ 11 ലക്ഷത്തോളം പേര് കോവിഡ് കാരണം തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തില്‍ തിരിച്ചെത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന തൊഴിൽപരിഷ്കരണങ്ങളും മറ്റു സാമ്പത്തികപ്രതിസന്ധികളും തൊഴിലവസരങ്ങൾ ഇല്ലാതാക്കി. കോവിഡിന് ശേഷം പ്രവാസലോകം ഏത് രൂപത്തില്‍ പ്രതിസന്ധികളെ അതിജീവിക്കും എന്നത് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. വിദഗ്ധരല്ലാത്ത തൊഴിലാളികള്‍ക്ക് ഭാവിയില്‍ സാധ്യതകള്‍ കുറവായിരിക്കും. സമ്പൂര്‍ണ ഉപഭോക്തൃസംസ്ഥാനമായ കേരളം ഉൽപാദനക്ഷമമായ മേഖലയിലേക്ക്, പ്രവാസികളെ കൂടി ഉൾപ്പെടുത്തി നിക്ഷേപം സ്വീകരിക്കേണ്ടതുണ്ട്. അതുവഴി പുതിയ തൊഴിലുകള്‍ സൃഷ്ടിക്കാനും തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിതം തിരിച്ചുപിടിക്കാനും അവസരം ഉണ്ടാക്കാനും സാധിക്കണം. ഭൂരിഭാഗവും സാധാരണ തൊഴിലാളി വിഭാഗം ജോലിചെയ്യുന്ന ഗള്‍ഫ് മേഖലയിലെ തൊഴില്‍പ്രതിസന്ധി നാട്ടിലെ ഓരോ കുടുംബങ്ങളുടെയും സാമ്പത്തികഭദ്രതയെ ബാധിക്കും. പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് കേന്ദ്രം ബജറ്റില്‍ തുക വകയിരുത്തണമെന്നും ദുര്‍ബലരും രോഗികളുമായി തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സുരക്ഷിതമായ ജീവിതത്തിന് പെന്‍ഷനും താമസത്തിന് ഭവനപദ്ധതികളും ആസൂത്രണം ചെയ്യണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിസന്ധി അതിെൻറ ഗുരുതരാവസ്ഥയില്‍ എത്തുന്നതിന് മുമ്പ് കേന്ദ്ര–സംസ്ഥാന സര്‍ക്കാറുകള്‍ ദീര്‍ഘവീക്ഷണത്തോടെ ദീര്‍ഘകാല പദ്ധതികൾ ആസൂത്രണം ചെയ്യണം. നവോദയ ഒമ്പതാം കേന്ദ്ര സമ്മേളനത്തിെൻറ ഭാഗമായി പി.കെ. കുഞ്ഞനന്തന് നഗറില്‍ നടന്ന ദല്ല ഏരിയ പ്രതിനിധി സമ്മേളനം കേന്ദ്ര രക്ഷാധികാരി സൈനുദ്ദീന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര രക്ഷാധികാരികളായ ബഷീർ വാരോട്, രവി പാട്യം, കേന്ദ്ര ട്രഷറർ കൃഷ്ണകുമാർ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ മനോഹരൻ പുന്നക്കൽ, ഉണ്ണി ഏങ്ങണ്ടിയൂർ എന്നിവരും പങ്കെടുത്തു. പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഏരിയയുടെ സുഗമമായ പ്രവർത്തനത്തിനും കൂടുതൽ ഇടങ്ങളിലേക്ക് സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കാനുമായി നിലവിലെ ദല്ല ഏരിയയെ സമ്മേളനത്തില്‍ ദല്ല ഏരിയ, ഫൈസലിയ ഏരിയ എന്നിങ്ങനെ രണ്ടായി വിഭജിച്ചു. സമ്മേളനത്തിന് ഗഫൂർ കരിമ്പ സ്വാഗതം പറഞ്ഞു. മുഹമ്മദ് കരുവ അധ്യക്ഷത വഹിച്ചു. ഷബീർ കീഴിക്കര, രാജ്മോഹൻ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഗഫൂര്‍ നന്ദി പറഞ്ഞു. സമ്മേളനം 21 അംഗ ദല്ല ഏരിയ കമ്മിറ്റിയെയും 11 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
ഭാരവാഹികളായി മുഹമ്മദ് കറുവ (പ്രസി), ജലീൽ, വാഹിദ് (വൈസ് പ്രസി), ഗഫൂർ കരിമ്പ (സെക്ര), സുരേഷ് നെയ്യാറ്റിൻകര, സി.കെ. ബിജു (ജോ. സെക്ര), പ്രേംസി എബ്രഹാം (ട്രഷ), രാജേന്ദ്രൻ, ലതീഷ് ചന്ദ്രൻ (ജോ. ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
പുതുതായി രൂപവത്കരിക്കപ്പെട്ട ഫൈസലിയ ഏരിയ കമ്മിറ്റിയിലേക്ക് 17 അംഗങ്ങളെയും ഏഴ് എക്സിക്യൂട്ടിവ് അംഗങ്ങളെയും ഭാരവാഹികളായി ഷബീർ കീഴിക്കര (പ്രസി), സാദിഖ് (വൈസ് പ്രസി), ജയകൃഷ്ണൻ (സെക്ര), ഉണ്ണികൃഷ്ണൻ (ജോ. സെക്ര), ബെഞ്ചമിൻ (ട്രഷ), ഷാൾസൺ (ജോ. ട്രഷ) എന്നിവരെയും തിരഞ്ഞെടുത്തു.