‘ഖിവ’യിൽ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യൽ; മൂന്നാം ഘട്ടം ആരംഭിച്ചു
text_fieldsജിദ്ദ: തൊഴിൽ മന്ത്രാലയത്തിനു കീഴിലെ ‘ഖിവ’ പോർട്ടലിൽ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്ന ഡിജിറ്റലൈസേഷൻ നടപടിയുടെ മൂന്നാം ഘട്ടം ആരംഭിച്ചു. സ്വകാര്യ വാണിജ്യ സ്ഥാപനത്തിലെ 80 ശതമാനം ജീവനക്കാരുടെയും സേവന വേതന കരാറുകൾ പൂർണമായി ഡിജിറ്റലൈസേഷൻ നടത്താൻ സ്ഥാപനങ്ങളെ നിർബന്ധിക്കുന്ന ഘട്ടമാണിത്. കരാർ ബന്ധത്തിലെ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജീവനക്കാരുടെ സ്ഥിരതയും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. മികച്ച തൊഴിലന്തരീക്ഷം പ്രദാനംചെയ്യുന്നതിനും തൊഴിൽ നിയമങ്ങളും വ്യവസ്ഥകളും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും കരാർ വിവരങ്ങളുടെ സാധുത ഉറപ്പുവരുത്തുന്നതിനും തർക്കങ്ങളും തൊഴിൽപ്രശ്നങ്ങളും കുറക്കുന്നതിനുമാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഈ വർഷം സെപ്റ്റംബർ അവസാനമാകുമ്പോഴേക്കും 80 ശതമാനം ജീവനക്കാരുടെ കരാറുകളും ‘ഖിവ’ പോർട്ടലിൽ രേഖപ്പെടുത്തേണ്ടതുണ്ട്. 2023ലെ ഓരോ മൂന്നു മാസം കൂടുമ്പോഴും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആകെ എണ്ണത്തെ അടിസ്ഥാനമാക്കി നിശ്ചിത ശതമാനം ജീവനക്കാരുടെ കരാറുകൾ ഡിജിറ്റലൈസേഷൻ നടത്തണമെന്ന് മന്ത്രാലയം നേരത്തേ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനങ്ങൾ നിശ്ചിത ശതമാനം കരാറുകൾ രേഖപ്പെടുത്തുന്നത് പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തിരുന്നു. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന ശിക്ഷാനടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒരു വർഷം മുമ്പാണ് സൗദി തൊഴിൽ മന്ത്രാലയം ഖിവ പോർട്ടൽ ആരംഭിച്ചത്. അതുവഴിയുള്ള ‘കരാർ ഡോക്യുമെന്റേഷൻ സേവനം’ തൊഴിലുടമകളെയും സൗദികളുടെയും സൗദികളല്ലാത്തവരുടെയും സ്വകാര്യ മേഖലയിലെ തൊഴിലാളികളെയും കരാറുകളുടെ ഡേറ്റ അപ്ലോഡ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും അനുവദിക്കുന്നതാണ്.
തൊഴിലാളികൾക്ക് അവരുടെ കരാർ വിവരങ്ങളുടെ സാധുത പരിശോധിക്കാനും കരാർ അംഗീകരിക്കാനോ നിരസിക്കാനോ ഖിവ പോർട്ടലിലെ തന്റെ അക്കൗണ്ട് വഴി അതിൽ ഭേദഗതി അഭ്യർഥിക്കാനോ സാധിക്കുന്നതാണ്. ഇരു കക്ഷികളും സമ്മതിക്കുന്ന സാഹചര്യത്തിലായിരിക്കും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം കരാർ ആധികാരികമായി കണക്കാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

