ജിദ്ദയിൽ കൗമാരക്കാർക്കായി തുടർ മതപഠന പദ്ധതി രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsജിദ്ദ: കെ.എൻ.എം വിദ്യാർഥി പ്രസ്ഥാനമായ എം.എസ്.എമ്മിന്റെ നേതൃത്വത്തിൽ കൗമാരക്കാർക്കായി കേരളത്തിൽ വർഷങ്ങളായി നടന്നുവരുന്ന 'സി.ആർ.ഇ' തുടർ മതപഠന പദ്ധതിയുടെ ജിദ്ദയിലെ രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചു.ജിദ്ദ ഇന്ത്യൻ ഇസ് ലാഹീ സെന്ററിൽ നടന്ന ചടങ്ങിൽ സനാഇയ്യാ ജാലിയാത്ത് മേധാവി ശൈഖ് ഇബ്രാഹീം ഖലീൽ അൽറായി പദ്ധതിയുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. അബ്ബാസ് ചെമ്പൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. 'എന്താണ് സി.ആർ.ഇ, എന്തിനാണ് സി.ആർ.ഇ' എന്ന വിഷയത്തിൽ നൗഷാദ് കരുവണ്ണൂർ പ്രഭാഷണം നടത്തി.
ഇന്നത്തെ സാഹചര്യങ്ങളിൽ നമ്മുടെ മക്കൾ ധാർമിക മൂല്യങ്ങൾ കൈക്കൊണ്ട് നല്ലവരായി വളരാനുള്ള അവസരം ഒരുക്കാനാണ് 'സി.ആർ.ഇ' തുടർ മതപഠന പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. 'പ്രവാചകനും കുട്ടികളും' എന്ന വിഷയത്തെ ആസ്പദമാക്കി സുബൈർ പീടിയേക്കൽ മുഖ്യ പ്രഭാഷണം നടത്തി.ചെറുതും വലുതുമായ നമ്മൾ നിസ്സാരമെന്ന് കരുതുന്ന എല്ലാ കാര്യങ്ങളിലും കുട്ടികളുടെ കൂടെ നിന്ന പ്രവാചകന്റെ മാതൃക നമ്മളും പിൻപറ്റിയാൽ സമൂഹത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

