പ്രാദേശിക സുരക്ഷ; സൗദി പ്രതിരോധമന്ത്രിയും പാക് സൈനിക മേധാവിയും കൂടിക്കാഴ്ച നടത്തി
text_fieldsറിയാദ്: സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീറും റിയാദിൽ കൂടിക്കാഴ്ച നടത്തി. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണവും ചർച്ച ചെയ്യുന്നതിനായിരുന്നു ഈ നിർണായക കൂടിക്കാഴ്ച. സൗദി അറേബ്യക്ക് നേരെ അടുത്തിടെ ഇറാൻ നടത്തിയ ആക്രമണങ്ങളെക്കുറിച്ചും, വർധിച്ചുവരുന്ന സംഘർഷാവസ്ഥ പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. നിലവിലുള്ള സംയുക്ത പ്രതിരോധ കരാറിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ഇറാന്റെ നീക്കങ്ങളെ ഇരുപക്ഷവും വിലയിരുത്തി.
സൗദിയുടെ സുരക്ഷക്കും മേഖലയിലെ സമാധാനത്തിനും ഭീഷണിയാകുന്ന നടപടികൾ തടയുന്നതിനുള്ള ശ്രമങ്ങൾ ചർച്ചയുടെ ഭാഗമായി. ഇറാൻ വിവേകപൂർണമായ നിലപാടുകൾ സ്വീകരിക്കുമെന്നും, സാഹചര്യം കൂടുതൽ വഷളാക്കുന്ന തെറ്റായ തീരുമാനങ്ങളിൽ നിന്ന് പിന്തിരിയുമെന്നും ഇരുപക്ഷവും പ്രത്യാശ പ്രകടിപ്പിച്ചു. സൗദി ജനറൽ സ്റ്റാഫ് മേധാവി ഫയ്യാദ് അൽറുവൈലി, പ്രതിരോധ മന്ത്രിയുടെ ഇൻറലിജൻസ് കാര്യ ഉപദേഷ്ടാവ് ഹിഷാം ബിൻ സൈയ്ഫ എന്നിവരും ഈ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

