മേഖലയിലെ സുരക്ഷ: ബ്രിട്ടൻ, തുർക്കി, സൈപ്രസ് നേതാക്കളുമായി ചർച്ച നടത്തി സൗദി കിരീടാവകാശി
text_fieldsജിദ്ദ: പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങളുടെയും സുരക്ഷ ഭീഷണികളുടെയും പശ്ചാത്തലത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ലോകനേതാക്കളുമായി ചർച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സ് എന്നിവരുമായാണ് കിരീടാവകാശി ഫോണിലൂടെ ആശയവിനിമയം നടത്തിയത്.
സൗദി അറേബ്യയെ ലക്ഷ്യമിട്ട് നടന്ന ഇറാനിയൻ ആക്രമണങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും ബ്രിട്ടന്റെ ഐക്യദാർഢ്യം അദ്ദേഹം ഉറപ്പുനൽകി. മേഖലയിലെ സമാധാനത്തിനും ആഗോള സുരക്ഷയ്ക്കും നിലവിലെ സംഘർഷങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരു നേതാക്കളും ആശങ്ക പങ്കുവെച്ചു.
തുർക്കിയയെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെ കിരീടാവകാശി അപലപിച്ചു. അങ്കാറയുടെ സുരക്ഷ ഉറപ്പാക്കാൻ തുർക്കി സർക്കാർ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾക്ക് സൗദിയുടെ പൂർണ പിന്തുണ അദ്ദേഹം അറിയിച്ചു.
സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോ ഡൗലിഡ്‌സുമായുള്ള സംഭാഷണത്തിൽ, മേഖലയുടെ സുരക്ഷക്ക് തടസ്സമാകുന്ന ഏതൊരു നീക്കത്തെയും ഇരുപക്ഷവും തള്ളിപ്പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ ആഗോള തലത്തിൽ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ ഗൗരവത്തോടെ കാണണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ സംയുക്തമായ ശ്രമങ്ങൾ ആവശ്യമാണെന്നും നേതാക്കൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

