റീം അൽബയ്യാത് കാത്തിരുന്ന ദിനങ്ങൾ...
text_fieldsറിയാദ്: പരിമിതികളുെട വീർപ്പുമുട്ടലിൽ നിന്ന് സ്വയം മോചിതയായി കലയുടെ വിശാലലോകത്ത് ജീവിതം മാറ്റി വരച്ച സൗദിയിലെ ചലച്ചിത്രകാരിയാണ് റീം അൽബയ്യാത്. കഴിഞ്ഞ വർഷം ഇതേ മാർച്ച് മാസത്തിൽ ഏതാണ്ടിതേ ദിവസം പ്രമുഖ അറബ് മാധ്യമത്തോട് സംസാരിക്കുന്നതിനിടെ അവൾ പറഞ്ഞു. സമാധാനം നിറഞ്ഞ അറബ് ലോകവും എന്നും ഒാർമിക്കപ്പെടുന്ന സിനിമകളുമാണ് തെൻറ അഭിലാഷമെന്ന്. സൗദി അറേബ്യയിൽ സമ്പന്നമായ ചലച്ചിത്രകാലം വരുമെന്നും അവർ ശുഭാപതി പ്രകടിപ്പിച്ചു. സിനിമയുടെ കാര്യത്തിൽ ഇൗ സൗദി ചലച്ചിത്രപ്രതിഭക്ക് സന്തോഷിക്കാവുന്ന ദിനങ്ങളാണ് കടന്നു വന്നിരിക്കുന്നത്. സൗദി പെൺകുട്ടികൾ സിനിമയെ കുറിച്ച് പഠിക്കാനും വെള്ളിത്തിരയുടെ അപാരതകളെ നെഞ്ചിലേറ്റാനും രംഗത്ത് വന്നിരിക്കുന്നു.
ഏഴാം വയസ്സിൽ കാമറ കൈയിലെടുത്ത റീം അൽബയ്യാത് എന്ന 36 കാരിക്ക് ഇത് ഒരുപക്ഷെ കാത്തിരുന്ന ദിനങ്ങളാവാം. ചലച്ചിത്ര സംവിധായിക, നിർമാതാവ്, ഫോേട്ടാഗ്രാഫർ, ഫാഷൻ ഡിസൈനർ, ചിത്രകാരി, തിരക്കഥാകാരി എന്നീ നിലകളിലെല്ലാം ശദ്ധേയ. അമ്മ എന്ന പദവിയുടെ മാന്ത്രികതയെ മനസ്സിലാക്കി ആസ്വദിക്കുന്നവൾ. പിയാനേയിലും സംഗീതാലാപനത്തിലും, നൃത്തത്തിലും വായനയിലും പാചകത്തിലും ആനന്ദം കണ്ടെത്തുന്നവൾ. സൗദി അറേബ്യയിലെ ആദ്യസിനിമ സംവിധായിക ഹയ്ഫാ അൽ മൻസൂറിെൻറ പിൻമുറക്കാരി. 2107^ലെ മാഡ്രിഡ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഡയറക്ടർ അവാർഡ് ജേതാവ്. ‘വേക് മി അപ് ’ എന്ന സിനിമയാണ് അൽബയ്യാതിനെ വിദേശ ഹ്രസ്വ സിനിമാ വിഭാഗത്തിൽ അവാർഡിന് അർഹയാക്കിയത്.
പെണ്ണിെൻറ നിസ്സഹായതകളും കലയിലൂടെ അവൾ തീർക്കുന്ന സ്വാതന്ത്ര്യവും പ്രമേയമാക്കുന്നതാണ് ‘വേക് മി അപ്’. അൽ ബയ്യാതിെൻറ ഡോൾ, ഷേഡോ എന്നീ സിനിമകൾ മസ്കത്ത്,ദുബൈ, മുംബൈ, അബൂദബി, പാരീസ് എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രവേദികളിൽ ശ്രദ്ധേയമായിരുന്നു. 2005^ൽ യു കെ.യിൽ പഠിക്കാൻപോയതാണ് സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽപെട്ട കത്വീഫു കാരിക്ക് കലാജീവിതത്തിൽ വഴിത്തിരവായത്. ബോൻമൗത്ത് യൂണിവേഴ്സിറ്റി ആർട്സ് ഇൻസ്റ്റിറ്റ്യുട്ടിലായിരുന്നു പഠനം. സൗദിയിലെ കലാകാരൻമാർക്ക് ഒരുപാട് സാധ്യതകളുണ്ട്.
സ്ത്രീയായയാലും പുരുഷനായാലും. അവരുടെ കൂെടയുള്ള സിനിമാജീവിതം തൃപ്തികരമാണ്. ഒരു വനിതാ ചലച്ചിത്രകാരി എന്ന നിലയിൽ വലിയ ഉത്തരവാദിത്തമാണ് തന്നിലർപിതമായിരിക്കുന്നത് എന്ന് വിശ്വസിക്കുന്നയാളാണ് അൽ ബയ്യാത്. അവളുടെ സ്വപ്നങ്ങളെയും പേടിസ്വപ്നങ്ങളെയും അതിജയിക്കേണ്ടതുണ്ട്. സിനിമ നൽകുന്ന സന്ദേശങ്ങളെ കുറിച്ചൊന്നും ചിന്തിക്കാറില്ല. വരും വരായ്കകളെകുറിച്ചാലോചിച്ചല്ല ഇൗ ചലച്ചിത്രകാരി സിനിമയുടെ രൂപകൽപനകളിൽ സന്തോഷം കണ്ടെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
