രിസാലത്തുൽ ഇസ്ലാം മദ്റസ ഫെസ്റ്റ് 2025ൽ റെഡ് ഹൗസിന് കിരീടം
text_fieldsറിയാദിൽ നടന്ന രിസാലത്തുൽ ഇസ്ലാം മദ്റസ ഫെസ്റ്റിൽനിന്ന്
റിയാദ്: രിസാലത്തുൽ ഇസ്ലാം മദ്റസ വിദ്യാർഥികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മദ്റസ ഫെസ്റ്റ് 2025 റിയാദിലെ ദഹബിയ വിശ്രമകേന്ദ്രത്തിൽ നടന്നു.
അറിവും ആത്മീയതയും കോർത്തിണക്കിയ മത്സരവേദിയായി മാറിയ ഫെസ്റ്റ്, മദ്റസ പഠനത്തിനോടൊപ്പമുള്ള വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾക്ക് അവസരം ഒരുക്കുന്നതായിരുന്നു. 195 ആൺകുട്ടികളും 158 പെൺകുട്ടികളും ഉൾപ്പെടെ 350-ൽ അധികം വിദ്യാർഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് മത്സരങ്ങളിൽ പങ്കെടുത്തു.
സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലെ ബോയ്സ്, ഗേൾസ് കാറ്റഗറികളിലായാണ് മത്സരങ്ങൾ നടന്നത്. ഖിറാഅത്ത്, ഹിഫ്ള്, ബുർദ ആലാപനം തുടങ്ങിയ ഇനങ്ങൾക്ക് പുറമേ, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, കഥ പറയൽ, കവിത പാരായണം, വായന തുടങ്ങിയ സാഹിത്യ മത്സരങ്ങളും ശ്രദ്ധേയമായി. കളറിങ്, സംഘഗാനം, മലയാള ഗാനം, അറബി ഗാനം, പ്രാർഥന ഗീതം, അറബി മലയാളം കൈയെഴുത്ത് തുടങ്ങിയ ഇനങ്ങൾ വിദ്യാർഥികളുടെ ബഹുമുഖ പ്രതിഭ തെളിയിക്കുന്നവയായിരുന്നു.
ഓരോ ഇനങ്ങളിലും വിദ്യാർഥികൾ കാഴ്ചവെച്ച മികവ് മദ്റസയുടെ പരിശീലന നിലവാരം വ്യക്തമാക്കുന്നതായിരുന്നു. റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാല് ഹൗസുകൾ തമ്മിലായിരുന്നു മത്സരം. 200 പോയൻറ് നേടി റെഡ് ഹൗസ് ഈ വർഷത്തെ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. 145 പോയൻറ് നേടി യെല്ലോ ഹൗസ് രണ്ടാം സ്ഥാനത്തും 125 പോയൻറ് നേടി ഗ്രീൻ ഹൗസ് മൂന്നാം സ്ഥാനത്തും എത്തി.
പ്രവാസത്തിലെ പരിമിതികളെ അതിജയിക്കാൻ വിദ്യാർഥികൾക്ക് കരുത്തു പകരുന്നതായിരുന്നു മദ്റസ ഫെസ്റ്റ് എന്ന് നേതാക്കൾ പറഞ്ഞു.
അബ്ദുൽ സലാം വടകര, ഷൗക്കത്ത് സഅദി, അബ്ദുറഹ്മാൻ സഖാഫി, സൈനുദ്ദീൻ കുനിയൽ തുടങ്ങിയവർ ഫെസ്റ്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

