Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈസൻസില്ലാതെ റിക്രൂട്ട്‌മെൻറ്​: സൗദിയിൽ 10 സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി

text_fields
bookmark_border
2.5 ലക്ഷം റിയാൽ വരെ പിഴ
ലൈസൻസില്ലാതെ റിക്രൂട്ട്‌മെൻറ്​: സൗദിയിൽ 10 സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി
cancel

റിയാദ്: സൗദി അറേബ്യയിൽ ഔദ്യോഗിക ലൈസൻസില്ലാതെ റിക്രൂട്ട്‌മെൻറ്​ പ്രവർത്തനങ്ങളിലും തൊഴിലാളി സേവനങ്ങളിലും ഏർപ്പെട്ട 10 സ്ഥാപനങ്ങൾക്കെതിരെ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ശക്തമായ നിയമനടപടി സ്വീകരിച്ചു. തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ തടയുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളുടെ സുതാര്യതയും വിശ്വസനീയതയും ഉറപ്പുവരുത്തുന്നതിനുമായി രാജ്യവ്യാപകമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് നടപടി.

സ്വകാര്യ സ്ഥാപനങ്ങൾ, ജനറൽ സർവീസ് ഓഫീസുകൾ, ഡിജിറ്റൽ ആപ്പുകളും വെബ്‌സൈറ്റുകളും വഴി സേവനം നൽകിയ ഏജൻസികൾ എന്നിവയാണ് പിടിയിലായത്. ലൈസൻസില്ലാതെ നേരിട്ടോ പരോക്ഷമായോ റിക്രൂട്ട്‌മെൻറ്​ നടത്തുക, തൊഴിലാളി സേവനങ്ങൾ വാഗ്‌ദാനം ചെയ്യുക എന്നിവയിലൂടെ തൊഴിൽ-റിക്രൂട്ട്‌മെൻറ്​ വ്യവസ്ഥകൾ ഇവർ ലംഘിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

ഫീൽഡ് പരിശോധനകൾക്ക് പുറമേ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള ഇലക്ട്രോണിക് നിരീക്ഷണത്തിലൂടെയുമാണ് ഇത്തരം അനധികൃത സ്ഥാപനങ്ങളെ കണ്ടെത്തിയത്. പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി, സേവനദാതാക്കളുടെ ലൈസൻസ് പരിധി പരിശോധിച്ച ശേഷമാണ് തുടർനടപടികളിലേക്ക് കടക്കുന്നത്.

അംഗീകൃത ലൈസൻസില്ലാതെ റിക്രൂട്ട്‌മെൻറ്​ നടത്തുന്നതും തൊഴിലാളികളെ കൈമാറുന്നതും ഗുരുതരമായ കുറ്റകൃത്യമായാണ് പരിഗണിക്കുന്നത്. ലംഘനം ആദ്യതവണ നടത്തുമ്പോൾ രണ്ട്​ ലക്ഷം റിയാലും, രണ്ടാം തവണ ആവർത്തിക്കുമ്പോൾ 2.2 ലക്ഷം റിയാലും, മൂന്നാം തവണയും ആവർത്തിച്ചാൽ 2.5 ലക്ഷം റിയാൽ വരെയുമാണ് പിഴ ചുമത്തുക.

ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻറും സേവന കൈമാറ്റവും പൂർണമായും ഏകീകൃത ഡിജിറ്റൽ സംവിധാനമായ ‘മുസാനദ്’ പ്ലാറ്റ്‌ഫോം വഴി മാത്രമായിരിക്കണം നിർവഹിക്കേണ്ടതെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന ലൈസൻസുള്ള സ്ഥാപനങ്ങൾ, തൊഴിലാളികളുടെ ബയോഡാറ്റ എന്നിവ പരിശോധിക്കാനും അംഗീകൃത ബാങ്കിങ്​ ചാനലുകൾ വഴി പണമടയ്ക്കാനും മുസാനദ് സൗകര്യമൊരുക്കുന്നു.

ഇതുവഴി കരാറുകൾ പൂർണമായും ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനാൽ ഇടനിലക്കാരുടെ തട്ടിപ്പുകൾ ഒഴിവാക്കാനും കക്ഷികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സാധിക്കും.

അനധികൃത സ്ഥാപനങ്ങളുമായോ ഇടനിലക്കാരുമായോ യാതൊരുവിധ സാമ്പത്തിക-സേവന ഇടപാടുകളും നടത്തരുതെന്നും, സേവന കൈമാറ്റത്തിന് മുൻപ് സ്ഥാപനങ്ങളുടെ ലൈസൻസ് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ ഏകീകൃത കോൾ സെന്റർ നമ്പറായ 19911 വഴിയോ ഔദ്യോഗിക സ്മാർട്ട് ആപ്പ് വഴിയോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Recruitment without a license Strict action against 10 institutions in Saudi Arabia
Next Story