ആഗോള വ്യോമയാന ഭൂപടത്തിൽ വിസ്മയമായി സൗദി; 2025ൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് കുതിപ്പ്
text_fieldsജിദ്ദ: ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണിയായി സൗദി അറേബ്യ മാറുന്നു. 2025ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം, മുൻവർഷത്തേക്കാൾ 9.6 ശതമാനം വളർച്ചയോടെ 14.09 കോടി യാത്രക്കാരാണ് സൗദിയിലെ വിവിധ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത്. മൊത്തം യാത്രക്കാരിൽ 7.6 കോടി പേർ അന്താരാഷ്ട്ര യാത്രക്കാരാണ്. 9,80,400 വിമാന സർവിസുകളുമായി സർവിസ് നിരക്കിലും 8.3 ശതമാനത്തിെൻറ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം 38 ശതമാനം യാത്രക്കാരുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം തൊട്ടുപിറകിലുണ്ട്. മദീന, ദമ്മാം വിമാനത്താവളങ്ങളും വളർച്ചയിലാണ്. അന്താരാഷ്ട്ര തലത്തിൽ 176 കേന്ദ്രങ്ങളുമായി നേരിട്ടുള്ള വ്യോമബന്ധം സ്ഥാപിക്കാൻ സൗദിക്ക് സാധിച്ചു.
ആഗോളതലത്തിലെ തിരക്കേറിയ റൂട്ടുകളിൽ രണ്ടാം സ്ഥാനത്തുള്ള ‘കൈറോ-ജിദ്ദ’ റൂട്ടും ഏഴാം സ്ഥാനത്തുള്ള ‘ദുബൈ-റിയാദ്’ റൂട്ടും സൗദിയുടെ വ്യോമയാന കരുത്താണ്. കേവലം യാത്രക്കാരുടെ എണ്ണത്തിൽ മാത്രമല്ല, 11.8 ലക്ഷം ടൺ ചരക്ക് നീക്കം നടത്തിക്കൊണ്ട് കാർഗോ മേഖലയിലും മികച്ച സ്ഥിരത പുലർത്താൻ രാജ്യത്തിനായി. ആഗോള വ്യോമയാന ഭൂപടത്തിൽ ഒരു പ്രധാന കേന്ദ്രമായി മാറിക്കൊണ്ട്, ഭാവിയിലേക്കുള്ള കവാടമായി സൗദിയിലെ വിമാനത്താവളങ്ങൾ മാറിക്കഴിഞ്ഞു എന്നാണ് ഈ സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

