നഗര ബസ് സർവീസുകളിൽ റെക്കോർഡ് മുന്നേറ്റം;മൂന്ന് മാസത്തിനിടെ മൂന്ന് കോടിയിലധികം യാത്രക്കാർ
text_fieldsറിയാദ്: സൗദി അറേബ്യയിലെ നഗരങ്ങൾക്കുള്ളിലെ പൊതുഗതാഗത സംവിധാനങ്ങൾ ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യമാകുന്നു. 2026ന്റെ ആദ്യ പാദത്തിൽ രാജ്യത്തെ നഗര ബസ് സർവീസുകൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടതായി ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ട് (ടി.ജി.എ) അറിയിച്ചു. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലുണ്ടായ ഈ വർധനവ് രാജ്യത്തെ ട്രാൻസ്പോർട്ട് മേഖലയിലെ വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
യാത്രക്കാരുടെ എണ്ണത്തിൽ രാജ്യതലസ്ഥാനമായ റിയാദാണ് ഏറ്റവും മുന്നിലുള്ളത്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 19.55 ദശലക്ഷം പേരാണ് റിയാദിൽ ബസ് യാത്ര നടത്തിയത്. വിശുദ്ധ നഗരമായ മക്കയിൽ 48.7 ലക്ഷം പേരും മദീനയിൽ 34 ലക്ഷം പേരും ബസ് സർവീസുകൾ ഉപയോഗപ്പെടുത്തി. ജിദ്ദയിൽ 12.5 ലക്ഷം യാത്രക്കാരെയും കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ഖത്തീഫ് മേഖലകളിൽ സംയുക്തമായി 8.4 ലക്ഷം യാത്രക്കാരെയുമാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്.
രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും ബസ് സർവീസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖസീം പ്രവിശ്യയിൽ 2,59,000 പേരും ത്വാഇഫിൽ 1,80,000 പേരും അൽ അഹ്സയിൽ 1,34,000 പേരും നഗര ബസുകളെ ആശ്രയിച്ചു. ഇതിനുപുറമെ ജിസാനിൽ 1,18,000 യാത്രക്കാരും തബൂക്കിൽ 52,000 യാത്രക്കാരും മൂന്ന് മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഗതാഗത ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും കൂടുതൽ ജനവാസ കേന്ദ്രങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിനും ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ട് നടത്തിവരുന്ന പ്രവർത്തനങ്ങളുടെ വിജയമായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്. മികച്ച യാത്രാസൗകര്യം ഉറപ്പാക്കുന്നതിലൂടെ ജീവിതനിലവാരം ഉയർത്തുക എന്നതും ‘നാഷനൽ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക് സ്ട്രാറ്റജി’യുടെ ലക്ഷ്യങ്ങൾ കൈവരിക്കുക എന്നതും ഈ വിപുലീകരണത്തിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

