സൗദിയിൽ തീർഥാടകർക്കുള്ള ഗതാഗത സംവിധാനങ്ങളിൽ റെക്കോഡ് വളർച്ച
text_fieldsഹജ്ജ് തീർഥാടകർക്ക് ലഭിച്ച ഗതാഗത സൗകര്യം (ഫയൽ ഫോട്ടോ)
മക്ക: സൗദിയിലെത്തുന്ന തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി സൗദി റെയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങൾ റെക്കോർഡ് വളർച്ച രേഖപ്പെടുത്തി. ‘പിൽഗ്രിംസ് എക്സ്പീരിയൻസ് പ്രോഗ്രാം’ പുറത്തിറക്കിയ 2024 ലെ വാർഷിക റിപ്പോർട്ടിലാണ് സൗദിയുടെ മികവ് ചൂണ്ടിക്കാട്ടിയത്. തീർഥാടകരിൽനിന്നുള്ള വരുമാനത്തിൽ 101 ശതമാനമാണ് വർധന.
മെച്ചപ്പെട്ട സേവനങ്ങൾ, തടസ്സമില്ലാത്ത തീർഥാടക അനുഭവങ്ങൾ, സുരക്ഷ എന്നിവയിൽ ഊന്നി രാജ്യത്തെ സമഗ്രമായ ഗതാഗത ശൃംഖല തീർഥാടകർക്ക് ഏറെ പ്രയോജനപ്പെടുന്നു. സൗദിയിലെ സാങ്കേതിക, മാനവ വിഭവശേഷി മേഖലയിലെ രാജ്യത്തിന്റെ പ്രതിബദ്ധത ബഹുമുഖ വളർച്ചയിൽ വ്യക്തമാണ്. രാജ്യത്തിന്റെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ ന്റെ ലക്ഷ്യങ്ങളിൽപ്പെട്ട പ്രധാന സംരംഭമാണ് ‘പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാം’.
വിവിധ മേഖലകളുടെ സംയോജനവും തീർഥാടനങ്ങൾ സുഗമമാക്കുന്ന നടപടിക്രമങ്ങളും രാജ്യത്തിന്റെ ഗതാഗത നേട്ടത്തിന് വഴിവെച്ചു. തീർഥാടകർക്കും ഉംറ കമ്പനികൾക്കും സന്ദർശകർക്കും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രോഗ്രാമിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നേട്ടങ്ങൾ റിപ്പോർട്ടിൽ പ്രത്യേകം എടുത്തു കാണിച്ചു. ഉംറ തീർഥാടകർക്ക് അവരുടെ യാത്ര മുതൽ സുരക്ഷിതമായ മടക്കം വരെ നല്ല അനുഭവം നൽകാനുള്ള രാജ്യത്തിന്റെ വിവിധ ശ്രമങ്ങൾ ഏറെ ഫലപ്രദമായതായും റിപ്പോർട്ടിൽ വ്യക്തമാക്കി.
2024 ൽ 1.85 കോടി ഉംറ തീർഥാടരാണ് വിദേശ രാജ്യങ്ങളിൽനിന്ന് എത്തിയത്. വിഷൻ 2030 ന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായി ഹജ്ജ്, ഉംറ തീർഥാടകരെ സേവിക്കുന്നതിന് സൗദി ഭരണകൂടം മുൻഗണന നൽകിയിട്ടുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രിയും ‘പിൽഗ്രിംസ് എക്സ്പീരിയൻസ് പ്രോഗ്രാം’ കമ്മിറ്റി ചെയർമാനുമായ ഡോ. തൗഫീഖ് അൽ റബിഅ പറഞ്ഞു.
സൗദിയിലെത്തുന്ന സന്ദർശകരുടെ സംതൃപ്തി 57 ശതമാനത്തിൽ നിന്ന് 81 ശതമാനമായി ഉയർന്നത് മെച്ചപ്പെട്ട സേവന നിലവാരവും അനുഭവവും പ്രതിഫലിപ്പിക്കുന്നു. തീർഥാടകർക്ക് സേവനം ചെയ്യാൻ സന്നദ്ധപ്രവർത്തകരുടെ സാന്നിധ്യം കഴിഞ്ഞ വർഷം മുതൽ ഗണ്യമായി വർധിച്ചതായും റിപ്പോർട്ടിൽ എടുത്തുകാണിച്ചു. 2024 ൽ 1.53 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരാണ് തീർഥാടകർക്ക് സേവനം നൽകിയത്.
ആഗോളതലത്തിൽ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ മക്ക അഞ്ചാം സ്ഥാനത്തെത്തി. ആഗോള ടൂറിസം പ്രകടന സൂചികയിൽ മദീന ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ഡിജിറ്റൽ സേവനങ്ങളിലെ പുരോഗതിയും റിപ്പോർട്ട് എടുത്തുകാണിച്ചു. സ്വന്തം രാജ്യങ്ങളിലെ തീർഥാടകർക്കുള്ള യാത്രാനടപടിക്രമങ്ങൾ വേഗത്തിലാക്കാൻ രൂപകൽപ്പന ചെയ്ത മക്ക റൂട്ട് സംരംഭത്തിന്റെ തുടക്കം മുതൽ 9.40 ലക്ഷം യാത്രക്കാർക്ക് പ്രയോജനം ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

