‘സൊമാലിയാൻഡ്’ അംഗീകാരം: ഇസ്രായേലിനെതിരെ ഒ.ഐ.സി
text_fieldsജിദ്ദയിൽ ചേർന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ 22-ാമത് അസാധാരണ സമ്മേളനം
റിയാദ്: സൊമാലിയയുടെ ഭാഗമായ ‘സൊമാലിയാൻഡ്’ മേഖലയെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോപറേഷൻ (ഒ.ഐ.സി) ശക്തമായി അപലപിച്ചു. ഇസ്രായേലിന്റെ നടപടി സൊമാലിയയുടെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതക്കും നേരെയുള്ള നഗ്നമായ ലംഘനമാണെന്ന് ജിദ്ദയിൽ ചേർന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ 22-ാമത് അസാധാരണ സമ്മേളനം പ്രസ്താവിച്ചു.
സൊമാലിയ ഫെഡറൽ റിപ്പബ്ലിക്കിന്റെ ഐക്യത്തെയും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികളെയും തകർക്കുന്നതാണ് ഇസ്രായേലിന്റെ ഈ നടപടി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണ്. സൊമാലിയൻ സർക്കാറിനും ജനങ്ങൾക്കും സംഘടന പൂർണ പിന്തുണ പ്രഖ്യാപിച്ചു. വിഘടനവാദപരമായ നീക്കങ്ങളെ തള്ളിക്കളയുന്നത് പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും മൂലക്കല്ലാണെന്ന് സമ്മേളനം ഓർമിപ്പിച്ചു.
ഇസ്രായേൽ നൽകിയ അംഗീകാരത്തിന് ഒരു നിയമപരമായ പ്രാബല്യമില്ല. സൊമാലിയാൻഡ് എന്നത് സൊമാലിയയുടെ അവിഭാജ്യ ഘടകമാണെന്നും അതിന് സ്വതന്ത്ര പദവി നൽകാനുള്ള ശ്രമങ്ങൾ ആഭ്യന്തര കാര്യങ്ങളിലുള്ള നേരിട്ടുള്ള ഇടപെടലാണെന്നും ഒ.ഐ.സി വ്യക്തമാക്കി. ജനുവരി ആറിന് ഇസ്രായേലി ഉദ്യോഗസ്ഥൻ ഈ മേഖലയിൽ നടത്തിയ സന്ദർശനത്തെ സമ്മേളനം അപലപിച്ചു. ഇത് സൊമാലിയയുടെ ദേശീയ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റവും ‘ചുവപ്പ് രേഖ’ മറികടക്കലുമാണെന്ന് പ്രസ്താവനയിൽ പറയുന്നു.
സൊമാലിയയുടെ പരമാധികാരത്തിന് പുറത്തുള്ള യാതൊരുവിധ രാഷ്ട്രീയ, നയതന്ത്ര, സാമ്പത്തിക ഇടപാടുകളും ‘സൊമാലിയാൻഡ്’ അധികൃതരുമായി നടത്തരുതെന്ന് അംഗരാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ഒ.ഐ.സി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമാധാനം നിലനിർത്താൻ ഐക്യരാഷ്ട്രസഭയും സുരക്ഷ കൗൺസിലും അടിയന്തരമായി ഇടപെടണമെന്നും, ഇസ്രായേലിെൻറ നിയമവിരുദ്ധ നീക്കങ്ങൾക്കെതിരെ യു.എൻ പൊതുസഭയിൽ കരട് പ്രമേയം സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ഒ.ഐ.സി പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

