ജുബൈലിൽ മലയാളി കോവിഡ് വാക്സിൻ സ്വീകരിച്ചു
text_fieldsകോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്ന സുരേഷ്കുമാർ കളത്തിൽ
ജുബൈൽ: സൗദിയിൽ നടക്കുന്ന കോവിഡ് വാക്സിനേഷൻ കാമ്പയിനിൽ കുത്തിവെപ്പെടുത്ത് മലയാളിയും. ജുബൈൽ എ.വൈ.ടി.ബി കമ്പനി ഡെപ്യൂട്ടി ജനറൽ മാനേജറും പാലക്കാട് സ്വദേശിയുമായ സുരേഷ്കുമാർ കളത്തിലാണ് വാക്സിൻ സ്വീകരിച്ചത്. പ്രവാസി മലയാളികൾക്കിടയിൽ ആദ്യമായി കുത്തിവെപ്പെടുക്കുന്നവരിലൊരാളായി സുരേഷ്കുമാർ. ശനിയാഴ്ച ദമ്മാം ദഹ്റാൻ എക്സ്പോയിലെ വാക്സിനേഷൻ സെൻററിൽനിന്നാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തത്.
വാക്സിൻ എടുക്കുന്നതിന് നിർദേശിക്കപ്പെട്ടിട്ടുള്ള 'സിഹ്വത്തി'(മൈ ഹെൽത്ത്) ആപ് വഴി രജിസ്റ്റർ ചെയ്യുകയും കുത്തിവെപ്പിന് ക്ഷണിക്കപ്പെടുകയുമായിരുന്നെന്ന് സുരേഷ്കുമാർ പറഞ്ഞു. സ്വന്തം മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന സിഹ്വത്തി ആപ്പിൽ ആരോഗ്യസംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്തി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ഇ-മെയിലിലേക്കോ ഫോൺ നമ്പറിലേക്കോ പ്രത്യേകിച്ച് അറിയിപ്പ് ഒന്നും ഉണ്ടാവുകയില്ല.
എല്ലാ ദിവസവും ആപ് തുറന്നു പരിശോധിച്ച് ഉറപ്പുവരുത്തണം. സുരേഷ്കുമാറിന് തുടർച്ചയായി 'പെൻഡിങ്'എന്നാണ് കാണിച്ചിരുന്നതത്രെ. പിന്നീടാണ് അനുമതി ലഭിച്ചതായി കണ്ടത്. പ്രായം, നിലവിലെ ആരോഗ്യസ്ഥിതി തുടങ്ങി നിരവധി കാര്യങ്ങൾ കണക്കിലെടുത്താണ് അനുമതി ലഭിക്കുക. സുരേഷ് കുമാറും ഭാര്യ സ്നേഹയും രജിസ്റ്റർ ചെയ്തിരുന്നെങ്കിലും സ്നേഹക്ക് ഇതുവരെ അനുമതി കിട്ടിയില്ല.
സുരേഷ്കുമാറിന് വാക്സിൻ രണ്ടാം ഡോസ് ഈ മാസം 21നാണ് എടുക്കേണ്ടത്. സ്വദേശിയെന്നോ വിദേശിയെന്നോ ഭേദമില്ലാതെ എല്ലാവരെയും തുല്യമായാണ് പ്രതിരോധ കുത്തിവെപ്പിന് പരിഗണിക്കുന്നതെന്ന് സുരേഷ്കുമാർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. വാക്സിൻ സ്വീകരിച്ചതിനുശേഷം പ്രയാസമൊന്നും ഇതുവരെ അനുഭവപ്പെട്ടില്ലെന്നും എല്ലാവരും രജിസ്റ്റർ ചെയ്ത് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ തയാറാവണമെന്നും അദ്ദേഹം നിർദേശിച്ചു. അസോസിയേഷൻ ഓഫ് മലയാളി പ്രഫഷനൽ ഇൻ സൗദി അറേബ്യ (ആംപ്സ്), ടോസ്റ്റർ മാസ്റ്റർ ക്ലബ് തുടങ്ങിയ സംഘടനകളിൽ സജീവ സാന്നിധ്യമായ സുരേഷ്കുമാർ ഇംഗ്ലീഷ് ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

