കൃത്യനിഷ്ഠ: ലോകത്ത് ഒന്നാമത് റിയാദ് കിങ് ഖാലിദ് വിമാനത്താവളം
text_fieldsറിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം (ഫയൽ)
റിയാദ്: റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷം തുടർച്ചയായി മൂന്നാം തവണയും ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാന ത്താവളങ്ങളിൽ ഒന്നാമതായി. വിമാനങ്ങളുമായി ബന്ധപ്പെട്ട വിപുലമായ ഡേറ്റയുടെയും വിശകലനത്തിെൻറയും അടിസ്ഥാനത്തിൽ ഏവിയേഷൻ അനലിറ്റിക്സ് ഏജൻസിയായ ‘സിറിയം ഡിയോ’ തയ്യാറാക്കിയ ആഗോള വർഗീകരണം അനുസരിച്ചുള്ള പ്രതിമാസ റിപ്പോർട്ടിലാണ് കണ്ടെത്തൽ.
ജൂണിൽ 90.41 ശതമാനം സ്കോർ നേടിയാണ് റിയാദ് കിങ് ഖാലിദ് വിമാനത്താവളം മികച്ച നേട്ടം കരസ്ഥമാക്കിയത്. വ്യോമയാന വിശകലനത്തിലെ സ്പെഷ്യലിസ്റ്റായ ‘സിറിയ’ത്തിെൻറ പ്രതിമാസ റിപ്പോർട്ടിൽ വിമാന സർവിസുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്താറുണ്ട്. വിമാന ആസൂത്രണ കാര്യക്ഷമത ഉറപ്പുവരുത്താനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് വിമാനത്താവളങ്ങളെയും എയർലൈനുകളെയുംക്കുറിച്ചുള്ള വിപുലമായ ഡാറ്റയാണ് സിറിയം വിലയിരുത്തുന്നത്.
റിയാദ് വിമാനത്താവളത്തിലെ യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നതിന് വിവിധ പങ്കാളികളുമായുള്ള നിരന്തര ശ്രമവും പ്രവർത്തനവുമാണ് നേട്ടത്തിന് വഴിവെച്ചത്. സൗദി വ്യോമയാന മേഖലയുടെ ദേശീയ അഭിലാഷങ്ങളും തന്ത്രപരമായ ലക്ഷ്യങ്ങളും കൈവരിക്കുന്നതിനും അതിെൻറ പ്രാദേശിക, അന്തർദേശീയ സഹകരണം ഉറപ്പുവരുത്താനും വിമാനത്താവള അതോറിറ്റിക്ക് കഴിഞ്ഞു.
വിവിധ പങ്കാളികളുമായുള്ള നിരന്തര ശ്രമങ്ങളുടെ ഫലമായി ലഭിക്കുന്ന പ്രവർത്തന മികവ് മൂലം റെക്കോഡ് കൈവരിക്കാൻ റിയാദ് എയർപോർട്ട്സ് കമ്പനിക്ക് കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് സി.ഇ.ഒ അയ്മാൻ ബിൻ അബ്ദുൽ അസീസ് അബു അബഹ് പറഞ്ഞു. ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിച്ച വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനായിരുന്നു. കഴിഞ്ഞ വർഷവും ഈ നേട്ടം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

