വായനദിനം: പുസ്തക, സിനിമാ സംവാദം കൊണ്ട് സർഗ സദസ്സൊരുക്കി സമീക്ഷ
text_fieldsവായനദിനത്തോടനുബന്ധിച്ച് ജിദ്ദയിൽ സമീക്ഷ-പി.ജി സ്മാരക പ്രതിമാസ വായനാവേദി ഒരുക്കിയ സർഗ സദസിൽ അലി അരിക്കത്ത് സംസാരിക്കുന്നു
ജിദ്ദ: ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സാരഥി പി.എൻ പണിക്കരുടെ ഓർമ്മകളുണർത്തി സമീക്ഷ-പി.ജി സ്മാരക പ്രതിമാസ വായനാവേദി ജിദ്ദയിൽ പുസ്തക ചർച്ചയും സിനിമാ സംവാദവും സംഘടിപ്പിച്ചു. എൻകംഫർട്ട് ഹാളിൽ നടന്ന സർഗസദസ് ജസ്ന താഷിബ് എഴുതിയ 'പ്രണയവാതിൽ' എന്ന പുസ്തകത്തിന്റെ ആസ്വാദനത്തോടെ സുനിൽ സൈദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഹംസ മദാരി അധ്യക്ഷത വഹിച്ചു.
അരുന്ധതി റോയിയുടെ 'മദർ മേരി കംസ് റ്റു മി' മുസാഫിറും എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' പ്യാരി മിർസയും സുധാമൂർത്തിയെക്കുറിച്ചുള്ള കഥ വിവേകും അഭീഷ് ശോഭയുടെ 'പ്രചോദനദായകമായ ഒരു സാരോപദേശകഥ' സന്തോഷ് വടവട്ടത്തും ഡോ. ജോസഫ് മർഫിയുടെ 'ദി പവർ ഓഫ് യുവർ സബ്കോൺഷ്യസ് മൈൻഡ്' രവീന്ദ്രനും അവതരിപ്പിച്ചു.
അന്തരിച്ച നടൻ സലിം കുമാറിനെക്കുറിച്ചുള്ള അനുസ്മരണവും ജാഫർ പനാഹിയുടെ 'ദി വൈറ്റ് ബലൂൺ' എന്ന ചലച്ചിത്രത്തെകുറിച്ചുള്ള ആസ്വാദനവും അലി അരീക്കത്ത് നടത്തി. 3BHK എന്ന സിനിമയുടെ ആസ്വാദനം കൃപ സന്തോഷും നടത്തി. ഹരിത സാവിത്രിയുടെ സിൻ ഹംസ മദാരിയും സ്റ്റീവൻ സ്ലോമൻ, ഫിലിപ് ഫേൺബാച് എന്നിവരുടെ 'ദി നോളജ് ഇല്ല്യൂഷൻ' അസൈൻ ഇല്ലിക്കലും വിലയിരുത്തി.
പ്രവാസ ലോകത്തെ ജഡങ്ങൾ നാട്ടിലയക്കുന്ന ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ജീവിതമെഴുതിയ ജി. പ്രജേഷ് സെന്നിന്റെ 'ഒടുവിൽ ഒരു കൂട്ട്' വായനാനുഭവം സലീനാ മുസാഫിർ പങ്കുവെച്ചു. നീനു വിവേക് വായനദിന സന്ദേശം നൽകി. മുഹ്സിൻ കാളികാവ് നാടൻ പാട്ടിന്റെ രംഗാവിഷ്കാരം നിർവഹിച്ചു. മിർസ ശരീഫ്, അബ്ദുല്ല മുക്കണ്ണി, രാജേഷ് നിലമ്പൂർ, അതുല്യ അഭീഷ്, വീരാൻ കുട്ടി എന്നിവർ സംസാരിച്ചു. വായനാദിനപരിപാടികളുടെ സമഗ്രാവലോകനം റജിയാ വീരാൻ നടത്തി. കൺവീനർ അസൈൻ ഇല്ലിക്കൽ സ്വാഗതവും ബിജു രാമന്തളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

