മതസൗഹാർദ്ദത്തിന്റെ തണലിൽ ഒരു പ്രവാസി ജീവിതം; റമദാൻ വ്രതശുദ്ധിയിൽ രവിസുതൻ ഏമങ്ങാട്
text_fieldsജിദ്ദ: ജിദ്ദയിൽ പ്രവാസിയായ മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശിയായ 52 വയസുകാരൻ രവിസുതൻ ഏമങ്ങാട് പ്രവാസലോകത്ത് മതസൗഹാർദ്ദത്തിന്റെ വലിയൊരു സന്ദേശമാണ് ഉയർത്തിപ്പിടിക്കുന്നത്. മുമ്പ് നാട്ടിലെ പെരുമുണ്ടശേരി സുബ്രഹ്മണ്യ ക്ഷേത്ര സെക്രട്ടറിയായും പ്രോഗ്രാം കമ്മിറ്റി ചെയർമാനായും ഭഗവതി ക്ഷേത്ര ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച രവിസുതൻ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി മുടക്കമില്ലാതെ റമദാൻ വ്രതം അനുഷ്ഠിച്ചുവരികയാണ്.
2010-ൽ തൊഴിൽ തേടി റിയാദിലെത്തിയ ഇദ്ദേഹം 2016-ൽ ത്വാഇഫിൽ ജോലി ചെയ്യവേയാണ് സഹപ്രവർത്തകരോടുള്ള ഐക്യദാർഢ്യമെന്നോണം ആദ്യമായി വ്രതമെടുത്തു തുടങ്ങിയത്. പെട്രോൾ പമ്പിൽ ജോലിക്കാരനായ ഇദ്ദേഹം തന്റെ മുസ്ലിം സഹപ്രവർത്തകരുടെ കൂടെ റമദാൻ വ്രതം എടുത്താലോ എന്ന് കൂടിയാലോചിപ്പോൾ അവർക്കും വളരെ സന്തോഷമായി പൂർണ്ണ പിന്തുണ നൽകി. പെട്രോൾ പമ്പിലെ കഠിനമായ ചൂടിനെയും ജോലിയെയും വകവെക്കാതെ ആ വർഷം 30 നോമ്പും പൂർത്തിയാക്കിയതോടെ തുടങ്ങിയ ശീലം, ഇടക്കാലത്ത് നാട്ടിലായിരുന്ന അഞ്ചു വർഷമൊഴിച്ചാൽ ഇന്നും തുടരുന്നു.
നിലവിൽ ജിദ്ദയിലെ റിഹാബ് ഡിസ്ട്രിക്ടിലെ പാസ്പോർട്ട് ഓഫീസിന് സമീപമുള്ള പെട്രോൾ പമ്പിൽ ജോലിചെയ്യുന്ന രവിസുതൻ, അതിരാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ നീളുന്ന ഡ്യൂട്ടിക്കിടയിലും പൂർണ്ണ മനസ്സോടെ വ്രതാനുഷ്ഠാനത്തിൽ പങ്കാളിയാകുന്നു. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയാണ് ഈ ആത്മീയ യാത്രയിൽ രവിസുതന് കരുത്തേകുന്നത്.
ഭാര്യ വത്സലയും പ്ലസ് വൺ വിദ്യാർത്ഥിനിയായ മകൾ മാനസ രവിസുതനും ഇദ്ദേഹത്തിന്റെ തീരുമാനത്തിന് വലിയ പ്രോത്സാഹനമാണ് നൽകുന്നത്. ആദ്യകാലങ്ങളിൽ ശാരീരികമായ ബുദ്ധിമുട്ടുകൾ തോന്നിയിരുന്നെങ്കിലും, ഇപ്പോൾ പുലർച്ചെ അത്താഴം കഴിച്ച് നോമ്പ് അനുഷ്ഠിക്കുന്നത് മനസ്സിനും ശരീരത്തിനും വലിയ ആശ്വാസവും സുഖവും നൽകുന്നുവെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിച്ചിരുന്ന രവിസുതൻ ഏമങ്ങാട് നിലവിൽ 'നന്മ' വണ്ടൂർ നിയോജക മണ്ഡലം സെക്രട്ടറിയും മാക്ട് ഫെഡറേഷൻ അംഗവുമാണ്. ഏമങ്ങാട് തീക്കുന്നൻ കോരുക്കുട്ടിയുടെയും പരേതയായ ശ്രീദേവിയുടെയും മകനായ ഇദ്ദേഹം, വരും വർഷങ്ങളിലും ഈ വ്രതശുദ്ധി തുടരാനുള്ള ആരോഗ്യത്തിനായി പ്രാർത്ഥനയോടെ തന്റെ കർമ്മരംഗത്ത് സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

