പൂത്തുലഞ്ഞ് അപൂർവ മരുഭൂ സസ്യം ‘സൈലീൻ അറബിക്ക’
text_fieldsമഴയിൽ പൂത്തുലഞ്ഞ സൗദിയുടെ വടക്കൻ മരുഭൂമിയിലെ സസ്യത്തിന്റെ വിവിധ ദൃശ്യങ്ങൾ
ജിദ്ദ: സൗദിയുടെ വടക്കൻ മരുഭൂ പ്രദേശങ്ങൾ പൂത്തുലഞ്ഞ് സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന കാഴ്ച സന്ദർശകരെ ആകർഷിക്കുന്നു. ഈയിടെ പെയ്ത കനത്ത മഴയും ദേശീയ ജൈവവൈവിധ്യ പുനരുദ്ധാരണപദ്ധതികളും കാരണം മരുഭൂമികൾ വീണ്ടും വൈവിധ്യമാർന്ന ചെടികളും പൂക്കളും കൊണ്ട് നിറഞ്ഞുനിൽക്കുന്ന പ്രകൃതിരമണീയമായ ദൃശ്യം ഏറെ ഹൃദ്യമായ കാഴ്ച് തന്നെയാണ്.
മഴക്കാലത്തിന് ശേഷം മരുഭൂ മേഖല വൈവിധ്യമാർന്ന സീസൺ സസ്യജാലങ്ങൾക്ക് സാക്ഷ്യം വഹിച്ചതും ചെടികൾ പൂക്കൾ കൊണ്ട് നിറഞ്ഞുനിൽക്കുന്നതുമായ അപൂർവ കാഴ്ചയാണ് ഏറെ ശ്രദ്ധേയം. വംശനാശ ഭീഷണി നേരിട്ടിരുന്ന അപൂർവ മരുഭൂ സസ്യമായ ‘സൈലീൻ അറബിക്ക’യുടെ വ്യാപകമായ കാഴ്ച വടക്കൻ മരുഭൂപ്രദേശങ്ങളിലെ ഇപ്പോഴത്തെ വിസ്മയ കാഴ്ചയാണ്. ‘കാരിയോഫില്ലേസി’ കുടുംബത്തിൽ പെടുന്ന ഈ സസ്യം അതിന്റെ സൗന്ദര്യത്തിനും പാരിസ്ഥിതിക പ്രാധാന്യത്തിനും പേരുകേട്ടതാണ്.
മരുഭൂമിയിലും അർദ്ധ മരുഭൂമിയിലും ഇവ വളരുന്നു. മഴവെള്ളം നിലനിർത്തുന്ന പ്രദേശങ്ങളിലും താഴ്വരകളിലും മലയിടുക്കുകളിലും കളിമണ്ണ് പ്രദേശങ്ങളിലും ഫലഭൂയിഷ്ഠമായ ഭൂമിയിലും മാത്രം കാണപ്പെടുന്ന സൈലീൻ അറബിക്ക എന്ന സസ്യം ഈർപ്പം ദീർഘകാലത്തേക്ക് സംരക്ഷിക്കാനുള്ള കഴിവിന് പേരുകേട്ട സസ്യമാണ്.
ഇതിന്റെ സസ്യഘടനയും അതിലോലമായ വെളുത്ത പൂക്കളും വേറിട്ട കാഴ്ചയാണ്. പ്രദേശത്തിന്റെ പ്രകൃതിദൃശ്യത്തിലെ ഒരു പ്രധാന സൗന്ദര്യ സവിശേഷതയാണിത്. മഴക്കുശേഷമുള്ള വസന്തകാല മാസങ്ങളിലാണ് ഈ ചെടികൾ സാധാരണയായി പൂക്കുന്നത്. മണ്ണിന്റെ സ്ഥിരതയും മണ്ണൊലിപ്പ് തടയുന്നതിനും ഈ സസ്യം പ്രധാന പങ്കുവഹിക്കുന്നു. പരിസ്ഥിതി സുസ്ഥിരതക്കും പ്രാദേശിക ജൈവ വൈവിധ്യത്തെ പിന്തുണക്കാനും ഇത് സംഭാവന നൽകുന്നു. മഴക്കാലത്തിനുശേഷം മരുഭൂമിയിൽ പ്രത്യക്ഷമായ അപൂർവ സസ്യങ്ങൾ മരുഭൂമിയിലെ സസ്യജാലകങ്ങളുടെ പുനരുജ്ജീവനത്തിന്റെ പ്രതിഫലനമാണ് പ്രകടമാക്കുന്നതെന്ന് പരിസ്ഥിതി വിദഗ്ധർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

