രാവിനെ പകലാക്കി യാമ്പുവിലെ റമദാൻ ബസാർ അനീസുദ്ദീൻ ചെറുകുളമ്പ്
text_fieldsയാമ്പു: റമദാനിലെ രാവുകളെ പകലാക്കി യാമ്പുവിലെ റമദാൻ ബസാറിൽ കച്ചവടവും കലയും പൈതൃകവും ചേർന്ന മേള. സ്വദേശി കുടുംബങ്ങളുടെ ഉൽസവനഗരിയാണിത്. സാംസ്‌കാരിക കലാ പരിപാടികളിൽ പെങ്കടുത്തും ആസ്വദിച്ചും കുട്ടികളും മുതിർന്നവരും ബസാറിൽ സജീവമാവുന്നു. യാമ്പു റോയൽ കമീഷൻ സാമൂഹികസേവനവകുപ്പാണ് തറാവീഹിന് ശേഷം രണ്ടു മണിവരെ 'റമദാൻ ബസാർ' ഒരുക്കുന്നത്. ആർ.സി യിലെ അൽ നവ കൊമേഴ്ഷ്യൽ മാർക്കറ്റിന് സമീപം വിശാലമായ സൗകര്യത്തിലാണ് മേള. റമദാൻ ആരംഭത്തിൽ തുടങ്ങിയ ബസാർ ജൂൺ 15 വരെ തുടരും. പരമ്പരാഗത വിളക്കുകളിൽ അലംകൃതമാണീ നഗരി. നോമ്പുതുറയുടെ സമയം അറിയിക്കുന്ന പീരങ്കി വെടിയുടെ ഓർമകൾ പുതുതലമുറക്ക് പരിചയപ്പെടുത്താൻ മരം കൊണ്ടുണ്ടാക്കിയ പീരങ്കി ശിൽപങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഉല്ലസിക്കാൻ പ്രത്യേക സംവിധാനങ്ങളും വിവിധ ഭക്ഷണ സാധനങ്ങളും കളിസാധനങ്ങളും വിൽപന നടത്തുന്ന സ്റ്റാളുകളുമുണ്ട്. സ്വദേശി വനിതകൾ കച്ചവടം നടത്തുന്ന പ്രത്യേക പവലിയനുകളുമുണ്ടിവിടെ.
'റമദാൻ നമ്മെ ഒരുമിച്ചു കൂട്ടി' എന്ന സന്ദേശത്തോടെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മത്‌സര പരിപാടികളാണ് റമദാൻ ബസാറിലെ മുഖ്യ ആകർഷണം. കുട്ടികളുടെ ബുദ്ധിപരവും വൈജ്ഞാനികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളാണ് ഒരുക്കിയതെന്ന് സംഘാടകർ പറഞ്ഞു. പരിപാടികളിൽ സ്വദേശി കുട്ടികളുടെ നല്ല പങ്കാളിത്തമുണ്ട്. വിജയികൾക്ക് റോയൽ കമീഷനിലെ വിവിധ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങളും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
