Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റമദാൻ-ഉംറ തിരക്ക്: വിപുലമായ സജ്ജീകരണങ്ങളുമായി ജിദ്ദ വിമാനത്താവളം

text_fields
bookmark_border
റമദാൻ-ഉംറ തിരക്ക്: വിപുലമായ സജ്ജീകരണങ്ങളുമായി ജിദ്ദ വിമാനത്താവളം
cancel

ജിദ്ദ: റമദാനിൽ ഉംറ തീർഥാടകരുടെ വൻ തിരക്ക് കണക്കിലെടുത്ത് ജിദ്ദ കിങ് അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വിപുലമായ പ്രവർത്തന പദ്ധതിക്ക് രൂപം നൽകി. തീർഥാടകർക്ക് സുഗമവും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി ജിദ്ദ എയർപോർട്ട് കമ്പനി അംഗീകരിച്ച പദ്ധതിയിൽ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

യാത്രാ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനുമായി 407 ബാഗേജ് ചെക്ക്-ഇൻ കൗണ്ടറുകളും 463 പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരെ നേരിട്ട് വിമാനങ്ങളിലേക്ക് എത്തിക്കാൻ 56 പാസഞ്ചർ ബോർഡിങ് ബ്രിഡ്ജുകളും, ലഗേജുകൾക്കായി 35 ബാഗേജ് ബെൽറ്റ് സ്​റ്റേഷനുകളും, 81 കസ്​റ്റംസ് പരിശോധന ഉപകരണങ്ങളും പ്രവർത്തനസജ്ജമാണ്. കൂടാതെ, വിമാനത്താവളത്തിനുള്ളിൽ നാല് ആരോഗ്യ കേന്ദ്രങ്ങളും, തിരക്ക് നിയന്ത്രിക്കാൻ മൂന്ന് സ്വാഗത ലോഞ്ചുകളും, ഹജ്ജ്-ഉംറ ടെർമിനൽ കോംപ്ലക്‌സിൽ 20 എയർ കണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

റമദാനിലെ തിരക്ക് പ്രമാണിച്ച് വിവിധ സർക്കാർ, സുരക്ഷ ഏജൻസികളിൽ നിന്നായി പതിനായിരത്തിലധികം ജീവനക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്. തീർഥാടകരുടെ വരവ് മുതൽ മടക്കം വരെയുള്ള സേവനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കാൻ 27 സർക്കാർ-പ്രവർത്തന സ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജിദ്ദ വിമാനത്താവള സി.ഇ.ഒ എൻജിനീയർ മാസിൻ ജൗഹർ പറഞ്ഞു.

സൗദി വിഷൻ 2030-​ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കി ലോകമെമ്പാടുമുള്ള തീർഥാടകരുടെ യാത്ര സുഗമമാക്കാൻ ജിദ്ദ വിമാനത്താവള കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 1447-ലെ ഉംറ സീസൺ സമയക്രമം അനുസരിച്ച് തീർഥാടകരുടെ വരവ് ഏപ്രിൽ മൂന്നിന് (ശവ്വാൽ 15) അവസാനിക്കും. തീർഥാടകർക്ക് തിരിച്ചുപോകാനുള്ള അവസാന തീയതി ഏപ്രിൽ 18 (ദുൽഖഅദ് ഒന്ന്) ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramadan-Umrah rush: Jeddah Airport with extensive facilities
Next Story