ഖുർആൻ മാധുര്യത്തിലലിഞ്ഞ് റമദാൻ രാവ്....
text_fieldsയൂത്ത് ഇന്ത്യ ‘ഖുർആന്റെ മാധുര്യം’ പരിപാടിയിൽ പങ്കെടുത്ത സൗദി വിദ്യാർഥി ഹാഫിസ് സൽമാൻ അലി അഹ്മദ് അൽ ഗർറാഷിന് ഡോ.നഹാസ് മാള ആദരഫലകം സമ്മാനിക്കുന്നു
റിയാദ്: ശ്രുതിമധുരമായ ഖുർആൻ പാരായണത്തിന്റെ ആത്മീയ നിർവൃതിയിലലിഞ്ഞു ചേർന്ന ‘ഖുർആന്റെ മാധുര്യം’ പരിപാടി ഈ റമദാനിലെ വേറിട്ട അനുഭവമായി മാറി. ഖുർആൻ പൂർണമായും ഭാഗികമായും മനഃപാഠമാക്കിയ കുട്ടികളും ചെറുപ്പക്കാരും അണിനിരന്ന സദസ്സ് സംഘടിപ്പിച്ചത് യുവജന സംഘടനയായ ‘യൂത്ത് ഇന്ത്യ’യാണ്. റിയാദിലെ അൽ അമാകിൻ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ കുടുംബങ്ങളടക്കം നൂറുകണക്കിന് പേർ സദസ്യരായെത്തി.
ഖുർആന്റെ പഠനത്തിലേക്കും പാരായണത്തിലേക്കും ഇളംതലമുറയെ ആകൃഷ്ടരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധ്യക്ഷനായ യൂത്ത് ഇന്ത്യ പ്രസിഡന്റ് ഫൈസൽ കൊല്ലം പറഞ്ഞു. ഖുർആൻ അമാനുഷിക ഗ്രന്ഥമാണെന്നും അതിലെ ഓരോ വാക്കുകളും പ്രയോഗങ്ങളും നമ്മുടെ കേവലമായ നിർധാരണങ്ങളിൽ ഒതുങ്ങുന്നതല്ലെന്നും സദസ്സിനോട് സംവദിച്ച മുഖ്യാതിഥിയായ ജമാഅത്തെ ഇസ്ലാമി കൂടിയാലോചന സമിതിയംഗം ഡോ. നഹാസ് മാള പറഞ്ഞു.
പരിഭാഷകൾ ഖുർആൻ മനസ്സിലാക്കാൻ അപര്യാപ്തമാണെന്നും അറബി ഭാഷയിൽ തന്നെ ഗ്രഹിക്കുമ്പോൾ മാത്രമേ ഖുർആന്റെ മൗലികത ഉൾക്കൊള്ളാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആകർഷകമായി പാരായണം ചെയ്യാനും അതിന്റെ ആശയങ്ങൾ ജീവിതമായി സാക്ഷ്യപ്പെടുത്താനും ഡോ. നഹാസ് ആവശ്യപ്പെട്ടു. യൂത്ത് ഇന്ത്യ എക്സിക്യൂട്ടിവംഗം അബ്ദുറഹ്മാൻ മൗണ്ടുവിന്റെ പാരായണത്തോടെ തുടക്കമിട്ട ‘ഖുർആന്റെ മാധുര്യം’ സീസൺ ആറ് പരിപാടിയിൽ ശരീഅഃ യൂനിവേഴ്സിറ്റി വിദ്യാർഥിയായ സൗദി പൗരൻ ഹാഫിസ് സൽമാൻ അലി അഹ്മദ് അൽ ഗർറാഷായിരുന്നു മുഖ്യാതിഥിയായി പങ്കെടുത്തത്.
നഹ്യാൻ അബ്ദുലത്തീഫ്, ഇൽഹാം സുഹൈർ, ഹാസിം ഹാരിസ്, ഇശൽ മങ്കരത്തൊടി, അൽ അമീൻ അബ്ദുറഹീം, ആലിയ ഫാത്തിമ നൗഷാദ്, നൂഹ് അഹ്മദ്, ഫിസ ഫസൽ, യാസിർ അഹ്മദ് സഹീർ, അയാനാ നൗറീൻ നസീർ, നായിൽ അലി അൽശൈഖ് ഇദ്രീസ്, സഅദ് മുഹമ്മദ് സലീഹ്, സൽമാൻ ബിൻ റഹ്മത്തുല്ല, നാഫിഅ് അമീർ, കെ.എം. ഇഹ്സാൻ അലി, ഉമർ സഈദ് എന്നിവർ പങ്കെടുത്തു. ഡോ. നഹാസ് മാള ആദര ഫലകങ്ങൾ സമ്മാനിച്ചു. തനിമ നേതാക്കളായ സിദ്ദീഖ് ജമാൽ, ഖലീൽ പാലോട്, സദ്റുദ്ദീൻ കിഴിശ്ശേരി, തൗഫീഖുറഹ്മാൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
സംഘാടക സമിതിയംഗമായ ഫവാസ് അബ്ദുറഹ്മാൻ പ്രാർഥനക്ക് നേതൃത്വം നൽകി. യൂത്ത് ഇന്ത്യ എക്സ്കോം അംഗങ്ങൾ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

