യാമ്പുവിൽ മൂന്ന് പതിറ്റാണ്ടത്തെ നോമ്പോർമകളുമായി കുറ്റിപ്പുറം അബൂബക്കർ
text_fieldsയാമ്പു: മൂന്ന് പതിറ്റാണ്ടത്തെ പ്രവാസ ജീവിതത്തിലെ റമദാൻ നാളുകളിൽ ഏറിയ പങ്കും വിദേശത്ത് ചെലവഴിച്ച കുറ്റിപ്പുറം അബൂബക്കറിന് പഴയ നോമ്പോർമകൾ ഇന്നും അനുഭൂതി നൽകുന്നതാണ്. ഗൾഫ് പ്രവാസം ആരംഭിക്കുന്നതിന് മുമ്പ് കൊൽക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളിലും അദ്ദേഹം ജീവിച്ചിരുന്നു. എഴുപതുകളിലെ അവസാനത്തിൽ ഒരു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായി യാമ്പുവിലെത്തിയ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശി അബൂബക്കറിന് മലയാളികളുടെ അന്നത്തെ ഹൃദ്യമായ ബന്ധങ്ങളുടെ ഓർമകൾ ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്നു. മലയാളികളുടെ വർധിച്ച സാന്നിധ്യം എൺപതുകളിലെ ആദ്യത്തിൽ തന്നെ യാമ്പുവിൽ പ്രകടമായിരുന്നുവെന്നും സാമൂഹ്യബന്ധങ്ങൾ ഊഷ്മളമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വ്യവസായ നഗര വികസനം നടക്കാത്തതിനാൽ മലയാളികൾ യാമ്പു ടൗൺ ചുറ്റിപ്പറ്റിയായിരുന്നു കഴിഞ്ഞിരുന്നത്.
കൊൽകത്തയിലും മുംബൈയിലും മുപ്പത് വർഷം മുമ്പ് റമദാൻ നാളുകളിൽ കഴിഞ്ഞപ്പോൾ ഉണ്ടായ അനുഭവങ്ങൾ ഇന്നും അബൂബക്കർ ഓർത്തെടുക്കുന്നു. അവിടെയുള്ള സാധാരണക്കാരായ മുസ്‌ലിംകൾക്ക് നോമ്പ് നാളുകൾ ആഘോഷത്തിേൻറതായിരുന്നു. ഉപവാസത്തിൽ താൽപര്യമില്ലാത്തവരും നോമ്പിെൻറ പവിത്രത പാലിക്കാൻ ശ്രദ്ധിച്ചിരുന്നു. മതപരമായ ചില ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് നടക്കുന്നതിലൂടെ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചുവെന്ന് കരുതുന്നവരായിരുന്നില്ല അന്നത്തെ ആളുകൾ. നോമ്പ് തുറക്കാൻ പ്രത്യേക ഭക്ഷണങ്ങളാണ് അവിടെ തയാറാക്കിയിരുന്നത്. കടല മുളപ്പിച്ചതും പരിപ്പ് കൊണ്ടുള്ള വിവിധ ഇനങ്ങളും മറ്റുമായി അവരുടേതായ വിഭവങ്ങളുടെ കൂട്ടങ്ങൾ ഒരുക്കി ഒന്നിച്ചിരുന്ന് നോമ്പ് തുറക്കുന്ന രീതി ഏറെ സന്തോഷം നൽകിയിരുന്നതായും അബൂബക്കർ ഒാർക്കുന്നു.
റമദാൻ നാളുകളിൽ അറബികൾക്കിടയിൽ മുമ്പ് മുതലേ ഉണ്ടായിരുന്ന ഉദാരസമീപനം ഇന്നും തുടരുന്നതായി അബൂബക്കർ വിലയിരുത്തുന്നു. നോമ്പുകാലത്തെന്നല്ല, അതിഥിയോട് എന്നും അങ്ങേയറ്റം ആദരവ് പ്രകടിപ്പിക്കുന്നവരാണ് അറബികൾ എന്നാണ് അനുഭവം. പ്രത്യേകിച്ചും റമദാനിലെ നാളുകളിൽ അവർ നോമ്പുകാർക്ക് വേണ്ട വിഭവങ്ങൾ നൽകാൻ പണ്ട് കാലം മുതൽ തന്നെ സജീവമായിരുന്നു. നിറമനസ്സോടെ സ്വദേശികൾ ചെയ്യുന്ന സമർപണം എന്നും മറ്റുള്ളവരെ സ്വാധീനിക്കുന്നത് തന്നെയാണ്. ഇഫ്താർ വിരുന്നുകൾ ഇന്നത്തെ പോലെ വിഭവസമൃദ്ധമല്ലായിരുന്നെങ്കിലും അന്നത്തെ സമൂഹനോമ്പ്തുറകൾ ഏറെ ഹൃദ്യത പകരുന്നതായിരുന്നു. എല്ലാ ഇല്ലായ്മകൾക്കിടയിലും പരസ്പരം പങ്കുവെക്കലിെൻറ വേദിയായിരുന്നു അന്നത്തെ ഇഫ്താർ സംഗമങ്ങൾ. ഇന്നത്തെ പോലെ സംഘടനകൾ പ്രവാസ ലോകത്ത് അന്ന് സജീവമായിരുന്നില്ല. അതിനാൽ തന്നെ മലയാളികൾ ഒന്നിച്ചും സ്വദേശികളുമായി കൂടിച്ചേർന്നും ആയിരുന്നു റമദാൻ പരിപാടികൾ നടത്തിയിരുന്നത്. റമദാൻ നോമ്പ് അതിെൻറ പൂർണ അർഥത്തിൽ 'ഫീൽ' ചെയ്യുന്നത് ഗൾഫിലാണെന്ന് അദ്ദേഹം പറയുന്നു. മറ്റു ഗൾഫ് നഗരങ്ങളെ അപേക്ഷിച്ച് സൗദിയിലെ മറ്റൊരു പ്രത്യേകത ഇവിടെയുള്ള പള്ളികളുടെ എണ്ണമാണ്. ചുറ്റുവട്ടത്തിൽ ചെറുതും വലുതുമായി ഒരു പാടു പള്ളികൾ. അതിനാൽ തന്നെ ബാങ്കു വിളിക്കുന്നത് ആരും കേൾക്കാതെ പോകുന്ന പ്രശ്നമില്ല. പ്രാർഥനാസമയങ്ങളെ കുറിച്ച് കൃത്യമായി എല്ലാവർക്കും അറിയാം എന്ന പ്രത്യേകതയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
