റമദാൻ ഒരുക്കം; മക്കയിലും മദീനയിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കർശന പരിശോധന
text_fieldsലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ
റിയാദ്: റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി മക്കയിലും മദീനയിലും ടൂറിസം വകുപ്പ് പരിശോധന ശക്തമാക്കി. ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, ടൂറിസം സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധനകൾ തുടരുന്നത്. ‘ഞങ്ങളുടെ അതിഥികൾ മുൻഗണനയാണ്’ എന്ന കാമ്പയിന്റെ ഭാഗമായാണിത്. ഹോട്ടലുകളും അപ്പാർട്ട്മെന്റുകളും ടൂറിസം സ്ഥാപനങ്ങളും ബാധകമായ നിയമങ്ങളും ചട്ടങ്ങളും എത്രത്തോളം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് പരിശോധനയിലുടെ ടൂറിസം മന്ത്രാലയം ലക്ഷ്യമിടുന്നത്.
റമദാനിൽ മക്കയിലും മദീനയിലുമെത്തുന്ന സന്ദർശകർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നത് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണിത്. ടൂറിസം മന്ത്രി അഹ് മദ് അൽ ഖത്തീബിന്റെ മാർഗനിർദേശത്തിനും തുടർനടപടികൾക്കും കീഴിലാണ് പരിശോധനകൾ നടക്കുന്നത്. മക്ക ടൂറിസം ഓഫിസിന് കീഴിലെ പരിശോധകസംഘം ഇതിനകം 6100ലധികം പരിശോധനകൾ നടത്തി. 4200ലധികം നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ സാധിച്ചു. മദീനയിലെ ഹോട്ടൽ, അപ്പാർട്ട്മെന്റ് സ്ഥാപനങ്ങളിൽ 2200ലധികം പരിശോധനകൾ നടത്തി. 1700 ലധികം നിയമലംഘനങ്ങൾ നിരീക്ഷിച്ചു.
ചില ടൂറിസ്റ്റ് സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളുടെ നിലവാരം കുറഞ്ഞതായാണ് നിരീക്ഷിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ലംഘനങ്ങൾ. ചില സ്ഥാപനങ്ങളിൽ മോശം നിലവാരത്തിലുള്ള ശുചിത്വവും അറ്റകുറ്റപ്പണിയും അംഗീകൃത ചട്ടങ്ങൾ പാലിക്കുന്നതിലെ പരാജയവും നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

