റമദാൻ വിപണി; പരിശോധന ശക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം
text_fieldsമക്കയിൽ വ്യാപാര സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
മക്ക: റമദാൻ പ്രമാണിച്ച് മക്കയിലെ വ്യാപാര സ്ഥാപനങ്ങളിലും റീട്ടെയിൽ ഔട്ട്ലെറ്റുകളിലും നിയമപാലനം ഉറപ്പുവരുത്തുന്നതിനായി സൗദി വാണിജ്യ മന്ത്രാലയം പരിശോധന ഊർജിതമാക്കി. മസ്ജിദുൽ ഹറമിലേക്കുള്ള പ്രധാന പാതകളിലെ കടകൾ, വിവിധ മാർക്കറ്റുകൾ എന്നിവിടങ്ങളിലായി റമദാൻ ആദ്യ വാരം വരെ 3,498 പരിശോധനകൾ പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു.
ഉപഭോക്തൃ സംരക്ഷണവും സേവന നിലവാരവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം ഫീൽഡ് പരിശോധനകൾ നടത്തുന്നത്. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും ലഭ്യത, വിലനിലവാരത്തിലെ കൃത്യത, അമിതവില ഈടാക്കൽ, വാണിജ്യ-ആരോഗ്യ സുരക്ഷ നിയമ പാലനം എന്നിവയാണ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നത്. ഭക്ഷ്യ ഉൽപന്ന വിതരണ കേന്ദ്രങ്ങൾ കൂടാതെ വൈവിധ്യമാർന്ന മേഖലകളിൽ മന്ത്രാലയം നേരിട്ട് പരിശോധന നടത്തി.
വസ്ത്രശാലകൾ, സ്വർണ-രത്ന വ്യാപാര കേന്ദ്രങ്ങൾ, ഗ്യാസ് സ്റ്റേഷനുകൾ, ഓട്ടോമൊബൈൽ സർവിസ് സെൻററുകൾ, ടയർ കടകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ‘സ്മാർട്ട് മോണിറ്ററിങ്’ രീതിയാണ് ഇത്തവണ അധികൃതർ അവലംബിക്കുന്നത്. നിയമ ലംഘനങ്ങൾ തത്സമയം കണ്ടെത്താനും നടപടി സ്വീകരിക്കാനും സഹായിക്കുന്ന വിപുലമായ ഇലക്ട്രോണിക് സംവിധാനങ്ങൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. കണ്ടെത്തിയ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
തീർഥാടകർക്കും സന്ദർശകർക്കും സുരക്ഷിതവും ആരോഗ്യകരവുമായ സാഹചര്യം ഒരുക്കുന്നതിനായി റമദാനിലുടനീളം പരിശോധന തുടരും. മുനിസിപ്പൽ-ആരോഗ്യ ചട്ടങ്ങൾ പാലിച്ച് വിശ്വാസികളുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് ഈ സീസണൽ പ്രവർത്തന പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

