റമദാനിൽ ഉംറ പെർമിറ്റ് നൽകാൻ മക്കയിലെ ഹോട്ടലുകൾക്കും അനുമതി
text_fieldsമക്ക: കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക മാന്ദ്യം പിടികൂടിയ മക്കയിലെ ഹോട്ടൽ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഹജ്ജ് ഉംറ കാര്യ മന്ത്രാലയം. തീർഥാടകർക്ക് റമദാനിൽ ഉംറ നിർവഹിക്കാൻ അനുമതി പത്രം ശരിയാക്കാൻ ഇനി മക്കയിലെ ഹറം പരിസരത്ത് ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അനുമതി നൽകിയാണ് മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയത്. 'ഇഅ്തമർനാ', 'തവക്കൽനാ' എന്നീ ആപ്പുകൾ വഴി മക്കയിലെ ഹറം പരിസരത്തുള്ള അംഗീകൃത ഹോട്ടലുകൾക്കാണ് അനുമതി നൽകിയത്.
കോവിഡ് കാല നടപടികൾ പൂർത്തിയാക്കി തീർഥാടകർക്ക് അനുമതിപത്രമെടുക്കാൻ ഇനി മുതൽ ഹോട്ടൽ അധികൃതർക്ക് കഴിയുന്ന വിധത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഹോട്ടൽ മേഖലയിലെ നിക്ഷേപ പ്രക്രിയ സജീവമാക്കുന്നതിൽ ഈ നടപടിക്രമങ്ങൾ വലിയ പങ്കുവഹിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽഫത്തഹ് ബിൻ സുലൈമാൻ മശാത്ത് പറഞ്ഞു. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്ന് തീർഥാടകരുടെ വരവിന് നിയന്ത്രണം ഏർപ്പെടുത്തിയത് ഉംറ സീസണെ സാരമായി ബാധിച്ചിട്ടുണ്ട്.
കോവിഡ് പ്രതിസന്ധി ഹോട്ടൽ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് മക്ക ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ അംഗീകാരമുള്ള ഹോട്ടൽ കമ്മിറ്റി ചെയർമാൻ റയാൻ ബിൻ ഉസാമ ഫിലാലി പറഞ്ഞു. ഉംറ തീർഥാടകരെ സ്വീകരിക്കാൻ മക്കയിൽ 1,800 ഹോട്ടലുകളും 2,50,000 ത്തിലധികം താമസ സംവിധാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളതെന്നും ഇവയുടെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഹജ്ജ് ഉംറ കാര്യ മന്ത്രാലയം ആസൂത്രണം ചെയ്യുന്നതെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

