ആട്ടിടയന്മാരെ തേടി ‘സവ’ പ്രവർത്തകർ മരുഭൂമിയിൽ
text_fieldsആട്ടിടയന്മാരെ തേടിയുള്ള സവ യാത്ര മുഖ്യ രക്ഷാധികാരി കെ.എം. ബഷീർ ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: റമദാൻ മാസത്തിലെ പതിവ് തെറ്റിക്കാതെ ആട്ടിടയന്മാർക്ക് ഭക്ഷണപ്പൊതികളുമായി സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) പ്രവർത്തകർ മരുഭൂമിയിലെത്തി. മലബാർ ഗോൾഡുമായി സഹകരിച്ച് തുടർച്ചയായ നാലാം വർഷമാണ് സവ ഈ പുണ്യപ്രവൃത്തി നടപ്പാക്കുന്നത്. ദമ്മാമിൽനിന്ന് ഏറെ അകലെയുള്ള ആട്, ഒട്ടക ഫാമുകളിലേക്ക് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘമാണ് എത്തിയത്. നൂറോളം ഭക്ഷണപ്പൊതികളുമായി പുറപ്പെട്ട സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അസ്തമയത്തിന് മുമ്പ് തന്നെ വിതരണം പൂർത്തിയാക്കി.
ഭക്ഷണവുമായി എത്തിയവരെ ഒട്ടകപ്പാൽ നൽകിയും പ്രാർഥനകൾ ചൊല്ലിയുമാണ് മരുഭൂമിയിലെ അന്തേവാസികൾ സ്വീകരിച്ചത്. ഇതിനുപുറമെ, ഒട്ടക ഫാം നടത്തുന്ന സൗദി പൗരൻ സവ പ്രവർത്തകർക്ക് നോമ്പുതുറക്കാനുള്ള പ്രത്യേക സൗകര്യവും ഒരുക്കി നൽകി.
ദമ്മാമിലെ അൽവാഹ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സവ മുഖ്യ രക്ഷാധികാരി കെ.എം. ബഷീർ യാത്ര ഉദ്ഘാടനം ചെയ്തു. മറ്റുള്ളവനെ അറിയുകയും ചേർത്തുനിർത്തുകയും സഹായമെത്തിക്കുകയും ചെയ്യുക എന്നത് റമദാനിലെ ഏറ്റവും വലിയ പുണ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആട്ടിടയന്മാർക്ക് ഭക്ഷണം എത്തിക്കാൻ മുന്നിട്ടിറങ്ങിയ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.
സവ പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ ആമുഖ പ്രഭാഷണം നിർവഹിച്ചു. രക്ഷാധികാരി നിഹാസ് യൂസുഫ്, വനിത ചെയർപേഴ്സൻ രശ്മി ശിവപ്രകാശ്, വനിത വേദി പ്രസിഡൻറ് നസ്സി നൗഷാദ്, സെക്രട്ടറി സാജിത നൗഷാദ്, അമൃത ശ്രീലാൽ, അഞ്ജു നിഹാസ്, റിജു ഇസ്മാഈൽ, ഷീബ, നൗഷാദ് ആറാട്ടുപുഴ, സിറാജ് കരുമാടി, ജോഷി ബാഷ, മാഹീൻ, ശ്രീലാൽ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

