റമദാൻ ഫോക്കസ് 2022: മലർവാടി റമദാൻ പരിപാടികൾക്ക് തുടക്കമായി
text_fieldsറമദാൻ ഫോക്കസിന്റെ മുഖചിത്രം
റിയാദ്: കുട്ടികൾക്ക് റമദാനിന്റെ ചൈതന്യം ഗ്രഹിക്കാനും പ്രാക്ടിസ് ചെയ്യാനുമായി 'റമദാൻ ഫോക്കസ്' എന്നപേരിൽ പ്രത്യേക പരിപാടി തയാറാക്കിയതായി ഭാരവാഹികൾ അറിയിച്ചു. പതിവുപോലെ കുട്ടികളുടെ ആത്മീയവും ശാരീരികവുമായ വളർച്ചക്ക് അനുഗുണമാകുന്ന പ്രവൃത്തികൾ കേന്ദ്രീകരിച്ചാണ് പ്രോജക്ടിന്റെ രൂപകൽപന. അറിയാനും അനുഭവങ്ങൾ രേഖപ്പെടുത്താനും മുതിർന്നവരുമായി സംവദിക്കാനും 'റമദാൻ ഫോക്കസ്' ലക്ഷ്യമിടുന്നു.
യു.കെ.ജി മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾ കിഡ്സ് വിഭാഗത്തിലും നാല് മുതൽ ഏഴുവരെ ക്ലാസിൽ പഠിക്കുന്നവർ ജൂനിയർ വിഭാഗത്തിലുമായിരിക്കും. റമദാൻ ഒന്ന് മുതൽ പെരുന്നാൾ ദിവസംവരെയാണ് ഈ പരിപാടി. മേയ് 10നു മുമ്പായി ആക്ടിവിറ്റികൾ രേഖപ്പെടുത്തി തിരികെ സമർപ്പിക്കേണ്ടതാണെന്ന് മലർവാടി സോണൽ കോഓഡിനേറ്റർ സാജിദ് ചേന്ദമംഗലൂർ പറഞ്ഞു.
വെള്ളിയാഴ്ച ഓൺലൈനായി നടന്ന മീറ്റിങ്ങിൽ 'റമദാൻ ഫോക്കസി'ന്റെ ഔപചാരിക ഉദ്ഘാടനം നടന്നു. മലർവാടി റിയാദിലെ മുൻ കോഓഡിനേറ്റർമാരും സീനിയർ റിസോഴ്സ് ടീം അംഗങ്ങളുമായ നിസാർ ഇരിട്ടി, ഇസ്മായിൽ സി.ടി എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ മലർവാടി കോഓഡിനേറ്റർ നൈസി സജ്ജാദ് അധ്യക്ഷത വഹിച്ചു. കുട്ടികളും മാതാക്കളുമടക്കം നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു. മുനീറ അഫ്സൽ, ഫീസ ബാസിത്, മറിയം, സുഹൈറ അസ്ലം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
മലർവാടി റിസോഴ്സ് ടീമംഗങ്ങളായ ഷഹനാസ് സാഹിൽ, റംസിയ അസ്ലം, നസീബ സലാം, റൈജു മുത്തലിബ്, ഷഹ്ദാൻ മാങ്കുനിപ്പോയിൽ, ശുക്കൂർ പൂക്കയിൽ, സ്റ്റുഡന്റ്സ് ഇന്ത്യ അംഗം നൈറ ഷഹ്ദാൻ എന്നിവരാണ് 'റമദാൻ ഫോക്കസി'ന്റെ അണിയറയിൽ പ്രവർത്തിച്ചത്.
സൗദി സെൻട്രൽ പ്രോവിൻസിലെ താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും പരിപാടിയിൽ പങ്കെടുക്കാമെന്ന് േപ്രാവിൻസ് കോഓഡിനേറ്റർ അഷ്റഫ് കൊടിഞ്ഞി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

