റമദാൻ ഡിസ്കൗണ്ട്; 2000ത്തോളം വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതി
text_fieldsറിയാദ്: റമദാൻ മാസത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ വിലക്കിഴിവുകളും പ്രമോഷനൽ ഓഫറുകളും നൽകുന്നതിനായി രാജ്യത്തെ 1,987 വ്യാപാര സ്ഥാപനങ്ങൾക്ക് സൗദി വാണിജ്യ മന്ത്രാലയം ലൈസൻസ് അനുവദിച്ചു.
‘റമദാൻ ഡിസ്കൗണ്ട്സ്’ സീസണിന്റെ ഭാഗമായി 50 ലക്ഷത്തിലധികം ഉൽപന്നങ്ങളാണ് ഈ ഇളവുകളിലൂടെ ജനങ്ങളിലേക്ക് എത്തുന്നത്. ശഅ്ബാൻ 15 മുതൽ ആരംഭിച്ച ഈ ഓഫറുകൾ ഈദുൽ ഫിത്വറിന് ശേഷവും തുടരും. റമദാൻ വിഭവങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, പെരുന്നാൾ വസ്ത്രങ്ങൾ തുടങ്ങിയവയിലെല്ലാം വൻ വിലക്കുറവാണ് മന്ത്രാലയം വാഗ്ദാനം ചെയ്യുന്നത്. വിപണിയിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമൊരുക്കുന്നതിനും ഈ നടപടി സഹായിക്കും.
ഡിസ്കൗണ്ടുകൾ വ്യാജമല്ലെന്ന് ഉറപ്പാക്കാൻ മന്ത്രാലയം പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യുആർ കോഡ് മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്താൽ ഓഫറിന്റെ ശതമാനം, കാലാവധി തുടങ്ങിയ വിവരങ്ങൾ നേരിട്ട് പരിശോധിക്കാം.
ഫിസിക്കൽ സ്റ്റോറുകൾക്ക് പുറമെ പ്രമുഖ ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോമുകൾക്കും ഓഫറുകൾ നൽകാൻ അനുമതിയുണ്ട്. വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ഉപഭോക്താക്കൾക്ക് റമദാൻ-ഈദ് കാലയളവിൽ സാമ്പത്തിക ഭാരം കുറക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് വാണിജ്യ മന്ത്രാലയം വക്താവ് പറഞ്ഞു. അതേസമയം, ഓഫറുകളുടെ പേരിൽ ഉപഭോക്താക്കളെ വഞ്ചിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിനായി രാജ്യത്തുടനീളം പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ലൈസൻസുകൾക്ക് അപേക്ഷിക്കാൻ താൽപര്യമുള്ള വ്യാപാരികൾക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

