രാജീവ് ഗാന്ധി, പി.എം. നജീബ് ചരമവാർഷിക ദിനം ആചരിച്ചു
text_fieldsഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി, പി.എം. നജീബ് ചരമവാർഷിക ദിനാചരണ പരിപാടി
അഷ്റഫ് അഞ്ചാലൻ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34ാമത് രക്തസാക്ഷിത്വ ദിനവും ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി പ്രഥമ അധ്യക്ഷനായിരുന്ന പി.എം നജീബിന്റെ ചരമവാർഷികവും ആചരിച്ചു. ചടങ്ങ് ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് അഞ്ചാലൻ ഉദ്ഘാടനം ചെയ്തു. 21ാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ കൈപിടിച്ചു നടത്തിയ ധിഷണാശാലിയായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്നും ചരിത്രത്തിൽ തുല്യതയില്ലാത്ത വ്യക്തിത്വവും, ഭരണ നേതൃത്വപാടവവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വളർച്ചയിൽ നിർണായകമായ പങ്കുവഹിച്ച വിവര സാങ്കേതിക വിപ്ലവത്തിന് തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയാണ്. ടെലികോം, 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടവകാശം, പഞ്ചായത്തീരാജ് സംവിധാനം അടക്കം എണ്ണിയാൽ ഒടുങ്ങാത്ത നവീന പദ്ധതികൾക്കാണ് അദ്ദേഹം രൂപം നൽകിയതെന്നും അഷറഫ് അഞ്ചാലൻ സൂചിപ്പിച്ചു.
ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അസീസ് ലാക്കൽ അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയംഗം സി.എം അഹമദ് ആക്കോട്, ജിദ്ദ വെസ്റ്റേൻ റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, കെ.എം.സി.സി സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ വെളിയംകോട്, ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ചീഫ് സാദിഖലി തുവ്വൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
രാജീവ് ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ മാത്രം നേതാവായിരുന്നില്ല, മറിച്ച് ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളുടെയും നേതാവായിരുന്നു. അകാലത്തിൽ സംഭവിച്ച അദ്ദേഹത്തിന്റെ മരണം രാജ്യത്തിന് സംഭവിച്ച ഏറ്റവും വലിയ മുറിപ്പാടുകളിൽ ഒന്നായിരുന്നു. എല്ലാവരെയും തുല്യതയോടെ കാണുന്ന, ജനാധിപത്യ മതേതരത്വത്തിൽ അധിഷ്ഠിതമായ കോൺഗ്രസിന്റെ പ്രത്യയ ശാസ്ത്രത്തെ എതിർക്കാൻ ത്രാണിയില്ലാത്ത ശത്രുക്കൾ കോൺഗ്രസിനെ നശിപ്പിക്കുന്നതിന് വേണ്ടി നേതാക്കളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് രാജീവ് ഗാന്ധിക്ക് ജീവൻ നഷ്ടപ്പെട്ടത്. രാജീവ് ഗാന്ധിയുടേതടക്കമുള്ള പല കോൺഗ്രസ് നേതാക്കളുടെയും അപകട മരണങ്ങൾ ദുരൂഹതകൾ നിറഞ്ഞതാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് വലിയ വെല്ലുവിളി ഉയർന്ന സാഹചര്യത്തിൽ അവരെ ചേർത്തു പിടിക്കാൻ, പ്രത്യേക നിയമനിർമാണം നടത്തിയ ആർജവമുള്ള ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി.
രാജീവ് ഗാന്ധിയുടെ നേതൃപാടവവും, അദ്ദേഹം മുറുകെപ്പിടിച്ച ജനാധിപത്യ മതേതര മൂല്യങ്ങളും പുതിയ തലമുറക്ക് പകർന്ന് നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അരാഷ്ട്രീയത്തിന്റെ പുറംപോക്കിലേക്ക് നടന്നു നീങ്ങുന്ന പുതുതലമുറക്ക് രാജീവ് ഗാന്ധിയെ പോലുള്ള മൺമറഞ്ഞുപോയ മഹാരഥന്മാരായ നേതാക്കളുടെ ചരിത്രങ്ങൾ അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്. കേവലം അനുസ്മരണ ചടങ്ങുകൾ നടത്തുക എന്നതിനപ്പുറം ഇതായിരിക്കണം യഥാർഥ ലക്ഷ്യമെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു.
സൗദി അറേബ്യയിലൂടനീളം ഒ.ഐ.സി.സി സംഘടന ഘടകങ്ങൾ രൂപീകരിക്കുകയും, സുശക്തമായ നേതൃത്വം നൽകുകയും ചെയ്ത വലിയ നേതാവായിരുന്നു ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി പ്രഥമ അധ്യക്ഷനായിരുന്ന പി.എം നജീബെന്നും വിസ്മരിക്കാൻ സാധിക്കാത്ത മാതൃകാപരമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്നും യോഗം അനുസ്മരിച്ചു. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സനൂജ്, കൊണ്ടോട്ടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഹസീഫ്, കെ.എസ്.യു മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സവാദ് എന്നിവരെ ചടങ്ങിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി സർവമത പ്രാർഥനയോടു കൂടിയാണ് ചടങ്ങ് ആരംഭിച്ചത്. ശ്രീത അനിൽകുമാർ, ആയിശ സിയ, നിഫ എന്നിവർ സർവമത പ്രാർഥനക്ക് നേതൃത്വം നൽകി.
ഇസ്മയിൽ കൂരിപ്പൊയിൽ സ്വാഗതവും സെക്രട്ടറി യു.എം ഹുസൈൻ നന്ദിയും പറഞ്ഞു. ഒ.ഐ.സി.സി ഗ്ലോബൽ, നാഷനൽ, റീജ്യൻ, ജില്ലാ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. മുജീബ് പാക്കട, ഉമ്മർ മങ്കട, ഫൈസൽ മക്കരപ്പറമ്പ്, സമീർ പാണ്ടിക്കാട്, അനസ് തുവ്വൂർ, കമാൽ കളപ്പാടൻ, ഫിറോസ് ചെറുകോട്, ഇ.പി മുഹമ്മദലി, സാജു റിയാസ്, ഷംസുദ്ദീൻ മേലാറ്റൂർ, നിസ്നു ഹുസൈൻ, ഷിബു കാളികാവ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

