കുളിര് പകർന്ന് അസീറിൽ മഴ
text_fieldsഖമീസ് മുശൈത്ത്: രാജ്യത്താകെ വേനൽ കൊടുംപിരി കൊണ്ടിരിക്കെ ദക്ഷിണ സൗദിയിൽ കുളിര് പകർന്ന് മഴയും ആലിപ്പഴവർഷവും. അസീറിെൻറ വിവിധ ഭാഗങ്ങളിൽ മൂന്നു ദിവസമായി ഇടിമിന്നലിെൻറ അകമ്പടിയോടെ ശക്തമായ മഴയും ആലിപ്പഴ വർഷവുമാണ്. വേനലിൽ അവധിക്കാലം ചെലവഴിക്കാൻ അസീറിൽ എത്തിയവരുടെ മനം തണുപ്പിക്കുകയാണ് മഴസ്പർശം. മഴയെ തുടർന്നെത്തുന്ന കോടമഞ്ഞിൽ കാഴ്ചകൾ അതിമനോഹരമാണ്. സമൂഹ മാധ്യമങ്ങളിൽ പലരും ഇവിടത്തെ മഴക്കാല കാഴ്ചകൾ പങ്കുവെച്ചു.
അൽനമാസ്, തനൂമ, ബല്ലസ്മാർ, അബഹ, ഖമീസ് മുശൈത്ത്, സറാത്ത് ഉബൈദ, വാദിയാൻ തുടങ്ങിയ പ്രദേശങ്ങളിൽ സാമാന്യം നല്ല മഴ ലഭിച്ചു. ഞായറാഴ്ച ഉച്ചയോടുകൂടി മേഘാവൃതമായ അന്തരീക്ഷവും അതിനെ തുടർന്ന് ശക്തമായ ഇടിയും മിന്നലും മഴയുമായി കേരളത്തിലെ കാലവർഷത്തിന് സമാന അന്തരീക്ഷമാണ്. കോവിഡ് മഹാമാരിയിൽ നിന്ന് ഏറെക്കുറെ മോചിതമായികൊണ്ടിരിക്കുന്ന സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ചുട്ടുപഴുക്കുന്ന ചൂട് അനുഭവപ്പെടുന്ന ഈ സമയത്ത് അസീറിൽ അനുഭവപ്പെടുന്ന മഴയും തണുപ്പും സ്വദേശികളുടെയും വിദേശികളുടെയും മനം കുളിർപ്പിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.