ത്വാഇഫിലും അസീറിലും മഴ തുടരുന്നു
text_fieldsത്വാഇഫ്: ത്വാഇഫ്, അസീർ മേഖലകളിൽ മഴ തുടരുന്നു. അസീർ മേഖലയുടെ പല ഭാഗങ്ങളിൽ മഴ തുടങ്ങിയിട്ട് അഞ്ച് ദിവസത്തിലേറെയായി. അബ്ഹ, ഖമീശ് മുശൈത്ത്, നമാസ്, തത്ലീത്, ബൽഖർന്, തന്നൂമ, തുബൈബ് എന്നിവിങ്ങളിലും ഇൗ പ്രദേശങ്ങൾക്ക് കീഴിലെ മർക്കസുകളിലുമാണ് മഴയുണ്ടായത്. താഴ്വരകളിൽ വെള്ളം കവിഞ്ഞൊഴുകി. ഇന്നലെയും അബ്ഹയിലും പരിസര പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു.
അവശിഷ്ടങ്ങൾ കുമിഞ്ഞു കൂടിയതിനാൽ പല സ്ഥലങ്ങളിലും ഒാവുചാലുകളിലിലെ ഒഴുക്ക് തടസ്സപ്പെട്ടു. റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടാൻ ഇതുകാരണമായി. മഴവെള്ളം നീക്കം ചെയ്യാനും അഴുക്ക്ചാലുകൾ നന്നാക്കാനും മുനിസിപ്പാലിറ്റി കൂടുതൽ തൊഴിലാളികളെ നിയോഗിക്കുകയും ആവശ്യമായ യന്ത്രസാമഗ്രികൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ചില ഡാമുകളിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. ഖമീസ് മുശൈത്, ബീശ റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ബീശക്ക് തെക്ക് മർകസ് സമഖ് ഭാഗത്തെ റോഡിലാണ് വെള്ളം കയറിയത്. മഴമൂലം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
ത്വാഇഫിലും ഇന്നലെയും നല്ല മഴയുണ്ടായി. വാദി വിജ്ൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ത്വാഇഫിെൻറ പല ഭാഗങ്ങളിലും നല്ല മഴയാണ് ലഭിച്ചതെന്നും ആവശ്യമായ മുൻകരുതലെടുത്തതായും ത്വാഇഫ് സിവിൽ ഡിഫൻസ് വക്താവ് കേണൽ നാസ്വിർ സുൽത്താൻ അൽശരീഫ് പറഞ്ഞു. മക്കയിലും ഇന്നലെ വൈകുന്നേരം മഴപെയ്തു.മഴബാധിത പ്രദേശങ്ങളിലെ റോഡുകളിൽ കെട്ടി നിൽക്കുന്ന വെള്ളം നീക്കം ചെയ്യാനും ശുചീകരണത്തിനും രണ്ട് ഷിഫ്റ്റുകളിലായി തൊഴിലാളികളെ നിയോഗിച്ചതായി ത്വാഇഫ് മുനിസിപ്പാലിറ്റി വക്താവ് ഇസ്മാഇൽ ഇബ്രാഹീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
