കടുത്ത വേനലിലും ആറു മേഖലകളിൽ മഴ ലഭിച്ചു
text_fieldsഅൽബഹ മേഖലയിൽ കഴിഞ്ഞദിവസം മഴ പെയ്തപ്പോഴുള്ള വിവിധ ദൃശ്യങ്ങൾ.
യാംബു: സൗദിയുടെ മിക്ക പ്രദേശങ്ങളിലും കടുത്ത വേനൽ തുടരുമ്പോഴും രാജ്യത്തെ ആറു മേഖലകളിൽ കഴിഞ്ഞ ദിവസം മഴ പെയ്തു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലായിരുന്നിട്ടും ചിലയിടങ്ങളിലെ മഴ ഏറെ ശ്രദ്ധേയമായി. മക്ക, മദീന, അസീർ, തബൂക്ക്, ജിസാൻ, അൽബഹ പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്.
ചിലയിടങ്ങളിൽ നേരിയ തോതിലായിരുന്നെങ്കിൽ മറ്റു ചിലയിടങ്ങളിൽ സാമാന്യം ശക്തമായ മഴയാണ് പെയ്തത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽബഹയിലായിരുന്നു, ബതാത്, ഗാമിദ് അൽ സനാദ് മേഖലകളിൽ 43.8 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം മേഖലയിലെ അൽ മഖ്വയിലെ കിങ് ഫഹദ് റോഡിൽ 33.0 മില്ലിമീറ്ററും അൽ മഖ്വയിൽ 19.4 മില്ലിമീറ്ററും, ഗാമിദ് അൽ സനാദ്, ഗാമിദ് അൽ സനാദ് ഏരിയയിൽ 15.0 മില്ലിമീറ്ററും, ഷാദ, അൽ മഖ്വയിൽ 8.11 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.
അസീർ മേഖലയിലെ പല പ്രദേശങ്ങളിലും സാമാന്യം നല്ല മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചതെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ കാലാവസ്ഥ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മക്കയിലെ അൽ ഉംറയിൽ 2.2 മില്ലീമീറ്ററും രേഖപ്പെടുത്തിയതായി റിപ്പോർട്ട് സൂചിപ്പിച്ചു. മദീനയിലെയും തബൂക്കിലെയും ഉംലുജിലെയും ചില മേഖലകളിലും കഴിഞ്ഞ ദിവസം മിതമായ മഴ ലഭിച്ചതായും റിപ്പോർട്ടുണ്ട്.
വരുംദിവസങ്ങളിൽ അത്യുഷ്ണവും മഴയും തുടരും
ജിദ്ദ: സൗദിയിൽ അത്യുഷ്ണവും മഴയും തുടരും. മധ്യ, കിഴക്കൻ സൗദിയിൽ താപനില 50 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. എന്നാൽ വടക്ക്, പടിഞ്ഞാറൻ സൗദിയിൽ തുടരുന്ന മഴയും മൂടൽ മഞ്ഞും വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. കിഴക്കൻ സൗദിയിലും മധ്യ സൗദിയിലും വരും ദിവസങ്ങളിൽ വേനൽ ചൂടു വീണ്ടും ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യയിലെ അൽഹസ, ദമ്മാം, ജുബൈൽ, നാരിയ ഭാഗങ്ങളിൽ പകൽ താപനില 48 മുതൽ 50 ഡിഗ്രി വരെ വീണ്ടും ഉയരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് വ്യക്തമാക്കുന്നു. മദീനയിലും തബൂക്കിന്റെ തീര പ്രദേശങ്ങളിലും താപനിലയിൽ ഗണ്യമായ വർധനയും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ വടക്കൻ, പടിഞ്ഞാറൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന മഴ വരും ദിവസങ്ങളിൽ വീണ്ടും ശക്തമാകും. നജ്റാൻ, റിയാദ്, അൽഖസീം, അൽ-ജൗഫ്, ജിസാൻ, അസീർ, അൽ-ബഹ, മക്ക എന്നീ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

