പാളം തെറ്റുന്ന സ്ത്രീസുരക്ഷ: പ്രഖ്യാപനമല്ല, അടിയന്തര പ്രതിരോധ നടപടി വേണം
text_fieldsട്രെയിൻ യാത്രകളിൽ സ്ത്രീകളുടെ സുരക്ഷ എത്രത്തോളം ഉറപ്പാണെന്ന ചോദ്യം പൊതുസമൂഹത്തിൽ വീണ്ടും വലിയ ആശങ്കയുയർത്തുന്നു. കഴിഞ്ഞ ദിവസം തിരൂർ റെയിൽവേ സ്റ്റേഷന് സമീപം കോയമ്പത്തൂർ-മംഗലാപുരം എക്സ്പ്രസ്സിലെ ശുചിമുറിക്ക് സമീപം വെച്ച് യുവതിക്ക് നേരെ അതിക്രമമുണ്ടായ സംഭവം റെയിൽവേയിലെ സുരക്ഷാ പഴുതുകളെയാണ് ചൂണ്ടിക്കാണിക്കുന്നത്.
റെയിൽ സേവാ പുരസ്കാര ജേതാവായ ആർ.പി.എഫ്. എ.എസ്.ഐ ശശി, സ്വന്തം ജീവൻ പോലും പണയം വെച്ച് പ്രതിയെ സാഹസികമായി കീഴടക്കിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. പിടികൂടുന്നതിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും പ്രതിയെ വിട്ടുനൽകാതെ പിടിച്ചുവെച്ച അദ്ദേഹത്തിെൻറ ധീരതയും ജാഗ്രതയും പ്രശംസനീയമാണ്. എന്നാൽ, ഓരോ സംഭവം ഉണ്ടാകുമ്പോഴും താൽക്കാലികമായി മാത്രം ചർച്ച ചെയ്യപ്പെടേണ്ട ഒന്നല്ല സ്ത്രീകളുടെ യാത്രാസുരക്ഷ എന്ന് റെയിൽവേ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
‘മേരി സഹേലി’ ഉൾപ്പെടെയുള്ള പദ്ധതികൾ നിലവിലുണ്ടെങ്കിലും അവയുടെ പ്രായോഗിക നടപ്പാക്കൽ ഇന്നും പൂർണമല്ല. ലക്ഷക്കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന ജനറൽ, സ്ലീപ്പർ കോച്ചുകളിൽ സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. വന്ദേ ഭാരത്, മെട്രോ ട്രെയിനുകളിലേതുപോലെ സ്റ്റേഷനുകളിൽ എത്തുമ്പോൾ മാത്രം തുറക്കുന്ന ഓട്ടോമാറ്റിക് ഡോർ സംവിധാനം സാധാരണ കോച്ചുകളിലും നിർബന്ധമാക്കുകയാണ് പ്രധാന പോംവഴി. ഓടുന്ന ട്രെയിനിൽ വെച്ച് അതിക്രമം നടത്തിയ ശേഷം അക്രമികൾക്ക് എളുപ്പത്തിൽ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ സാധിക്കുന്നത് വാതിലുകൾ തുറന്നിടുന്നത് കൊണ്ടാണ്.
ഇതോടൊപ്പം 1989-ലെ റെയിൽവേ ആക്ട് സെക്ഷൻ 165 പ്രകാരം ലഹരി ഉപയോഗിച്ചുള്ള യാത്ര നിരോധിച്ചിട്ടുള്ളതിനാൽ, സ്റ്റേഷൻ പ്രവേശന കവാടങ്ങളിൽ ബ്രീത്ത് അനലൈസർ പരിശോധനകൾ കർശനമാക്കുകയും ലഹരി ഉപയോഗിക്കുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കുകയും വേണം.
സാധാരണക്കാർ യാത്ര ചെയ്യുന്ന ജനറൽ കോച്ചുകളിലും വാതിലുകൾക്ക് സമീപവും സിസിടിവി കാമറകൾ സ്ഥാപിക്കുന്നത് അക്രമികളെ തടയാൻ സഹായിക്കും. കൂടാതെ, അടിയന്തിര സാഹചര്യങ്ങളിൽ ഗാർഡുമായോ കൺട്രോൾ റൂമുമായോ നേരിട്ട് സംസാരിക്കാൻ കഴിയുന്ന എമർജൻസി ടോക്ക് ബാക്ക് സംവിധാനങ്ങളും അലാറം ബട്ടണുകളും സ്ഥാപിക്കേണ്ടതുണ്ട്. ട്രെയിനുകളുടെ ഒടുവിലായി ഒറ്റപ്പെട്ട നിലയിൽ ലേഡീസ് കോച്ചുകൾ ക്രമീകരിക്കുന്ന രീതി മാറ്റി, റെയിൽവേ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുള്ള എൻജിനോട് ചേർന്നോ ഗാർഡ് റൂമിന് അടുത്തോ ഇവ പുനഃക്രമീകരിക്കണം. ദീർഘദൂര ട്രെയിനുകളിൽ രാത്രികാലങ്ങളിൽ വനിതാ ആർ.പി.എഫ്. സ്ക്വാഡുകളുടെ പെട്രോളിങ് ശക്തമാക്കുകയും ഓരോ കോച്ചിലും സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥിരമായി നിയോഗിക്കുകയും വേണം. ടിക്കറ്റില്ലാത്തവർ കയറുന്നത് തടയാൻ പ്ലാറ്റ്‌ഫോമുകളിൽ ആക്സസ് കൺട്രോളും, അതിക്രമങ്ങളിൽ പങ്കാളിത്തം കണ്ടെത്തുന്ന സാഹചര്യത്തിൽ അന്തർസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ പശ്ചാത്തല പരിശോധനയും ഉറപ്പാക്കേണ്ടതുണ്ട്.
റെയിൽവേ സുരക്ഷ പേപ്പറിലെ പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ അധികാരികൾ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.
അഫ്‌സൽ കയ്യങ്കോട് ദമ്മാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
