ഹാഇലിൽ റഹിം സഹായ സമിതി നിലവിൽ വന്നു
text_fieldsഹാഇലിൽ രൂപവത്കരിച്ച റഹിം സഹായ സമിതി അംഗങ്ങൾ
ഹാഇൽ: വധശിക്ഷ കാത്ത് റിയാദിലെ ജയിലിൽ 18 വർഷത്തോളമായി കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിനെ ‘ദിയ പണം’ നൽകി മോചിപ്പിക്കുന്നതിനുള്ള ദൗത്യത്തിന്റെ സഹായ സമിതി ഹാഇലിലും രൂപവത്കരിച്ചു. വൻതുകയാണ് മോചനദ്രവ്യമായി നൽകേണ്ടത്. വാദിഭാഗമായ സൗദി കുടുംബം ഇക്കാര്യം ഇന്ത്യൻ എംബസി വഴി റഹീമിന്റെ കുടുംബത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണം കണ്ടെത്തി മോചനം സാധ്യമാക്കാനുള്ള ശ്രമങ്ങളിലേക്ക് നീങ്ങുന്നത്. സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകനെ പരിചരിക്കാനായുള്ള വിസയിലാണ് അബ്ദുറഹീം 2006 നവംബറിൽ റിയാദിലെത്തുന്നത്. ഭക്ഷണവും വെള്ളവും നൽകാനായി കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തിൽ റഹീമിന്റെ കൈ തട്ടിയതാണ് കുട്ടിയുടെ മരണ കാരണം. 2006 ഡിസംബർ 24നായിരുന്നു സംഭവം. വിചാരണക്കൊടുവിൽ വധശിക്ഷക്ക് വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും ശിക്ഷ ശരിവെച്ചു.
ദിയ പണമായി ഒന്നര കോടി റിയാൽ (33 കോടി ഇന്ത്യൻ രൂപ) ആണ് വാദിഭാഗം ആവശ്യപ്പെട്ടത്. ഇതിലേക്ക് ഒരു പങ്ക് സ്വരൂപിച്ച് നൽകാനാണ് ഹാഇലിലെ പൊതുസമൂഹം ഒന്നിക്കുന്നത്. ബഷീർ മാള (ചെയർ.), ചാൻസ അബ്ദുറഹ്മാൻ (ജന. കൺ.), നിസാം അൽ ഹബീബ് (ട്രഷ.) എന്നിവരുടെ നേതൃത്വത്തിലാണ് സഹായ സമിതി രൂപവത്കരിച്ചത്. കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി, ഐ.സി.എഫ്, ഇന്ത്യൻ ഇസ്ലാഹി സെൻറർ, എസ്.ഐ.സി, തനിമ, പ്രവാസി കൂട്ടായ്മ, ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ, രിസാല സ്റ്റഡി സർക്കിൾ തുടങ്ങിയ ഹാഇലിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ചാരിറ്റി സംഘടനകളുടെ പ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തി. സൗദിയിലെ മുഴുവൻ ഭാഗങ്ങളിലും ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഹാഇലിലും കമ്മിറ്റി രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

