റഹീം കേസ് 11ാം തവണയും മാറ്റിവെച്ചു
text_fieldsറിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനകാര്യത്തിൽ തീരുമാനമായില്ല. 11ാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ എട്ടിന് സിറ്റിങ് ആരംഭിച്ചെങ്കിലും മെയ് അഞ്ചിലേക്ക് മാറ്റുകയായിരുന്നു.
പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും സിദ്ദിഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ പങ്കെടുത്തു. ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പുനൽകിയതോടെ വധശിക്ഷ കോടതി അഞ്ചുമാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ, പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാനിടയാക്കുന്നത്. റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുന്ന റഹീമിന്റെ തടവുകാലം ഇപ്പോൾ 19ാം വർഷത്തിലേക്ക് കടന്നു. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ സാധാരണ തടവുശിക്ഷയാണ് വിധിക്കുക. 19 വർഷമായി തടവിലായതിനാൽ ഇനി തടവുശിക്ഷ വിധിച്ചാലും അബ്ദുൽ റഹീമിന് അധികം ജയിലിൽ തുടരേണ്ടി വരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് മോചനം നൽകാനാണ് സാധ്യത. എന്തായാലും കോടതിയുടെ അന്തിമവിധിതീർപ്പിനാണ് അബ്ദുൽ റഹീമിന്റെയും ലോകമലയാളികളുടെയും കാത്തിരിപ്പ്.
ഒന്നരക്കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ആണ് ലോകവ്യാപകമായി മലയാളികൾ ചേർന്ന് പിരിച്ച് നൽകിയത്. അങ്ങനെ സമാഹരിച്ച പണമാണ് മരിച്ച സൗദി ബാലന്റെ കുടുംബത്തിന് ദിയാധനമായി നൽകിയത്. അതിനെ തുടർന്നാണ് അവർ മാപ്പ് നൽകിയതും കോടതി വധശിക്ഷ റദ്ദു ചെയ്തതും. ഇത് പ്രൈവറ്റ് റൈറ്റ് പ്രകാരമുള്ള കേസിലുള്ള തീർപ്പ് മാത്രമായിരുന്നു. പബ്ലിക് റൈറ്റ് പ്രകാരമുള്ള വിധിതീർപ്പിന് കോടതിയിൽ ഒന്നേന്ന് തുടങ്ങേണ്ടതുണ്ടായിരുന്നു. അതിനായുള്ള ആദ്യ സിറ്റിങ് കഴിഞ്ഞ വർഷം ഒക്ടോബർ 21നാണ് നടന്നത്.
എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചനകാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെച്ചു. അതിനുശേഷം എല്ലാ മാസവും (ചില മാസങ്ങളിൽ രണ്ടു തവണ) കോടതി കേസ് പരിഗണിക്കുന്നുണ്ടെങ്കിലും തീർപ്പിലെത്തുന്നില്ല. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. ഹൗസ് ഡ്രൈവർ വിസയിലെത്തി മൂന്നാം മാസത്തിലാണ് യുവാവിന്റെ ജീവിതമാകെ കീഴ്മേൽ മറിച്ച സംഭവമുണ്ടാവുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.