‘വൗ മോം’ റിയാലിറ്റി ഷോയിൽ റഹിന ഹക്കീം മികച്ച അമ്മ
text_fields‘വൗ മോം’ റിയാലിറ്റി ഷോയിൽ ആദ്യ മുന്ന് സമ്മാനങ്ങൾ നേടിയവർ
ദമ്മാം: വേൾഡ് മലയാളി കൗൺസിൽ ഖോബാർ മേഖലാ വനിതാ വേദി സംഘടിപ്പിച്ച ‘വൗ മോം’ റിയാലിറ്റി ഷോയിൽ കരുനാഗപ്പളി, കന്നേറ്റി സ്വദേശിനിയും േവ്ലാഗറുമായ റഹീന ഹക്കിം മികച്ച അമ്മയായി തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം സ്വദേശിനി ജസീന മനാഫ്, ആലപ്പുഴ അരൂർ സ്വദേശിനി അമൃത ശ്രീലാൽ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഒരു മാസത്തിലധികം നീണ്ട ഒമ്പത് വ്യത്യസ്ത മത്സര റൗണ്ടുകളുടെ കടമ്പകൾ കടന്നാണ് ഇവർ വിജയം കൊയ്തത്.
മലയാള സിനിമാ താരവും ഗായികയുമായ മീര നന്ദൻ ആയിരുന്നു ഫൈനൽ മത്സരത്തിലെ അതിഥി. ഉന്നത വിദ്യാഭ്യാസവും നിരവധി കഴിവുകളും ഉണ്ടായിട്ടും ഒതുങ്ങിക്കഴിയേണ്ടി വരുന്ന വീട്ടമ്മാർക്ക് ജന്മവാസനകൾ പുറത്തെടുത്ത് സാമൂഹിക വേദികളിൽ സജീവമാകുന്നതിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചതെനന് വനിതാ വേദി പ്രസിഡൻറ് ഷംല നജീബ് പറഞ്ഞു.
പാചകവൈദഗ്ധ്യവും കരകൗശല വിരുതും സർഗവാസനയും കണ്ടെത്തുന്നതിനുള്ള മത്സരങ്ങളാണ് ആദ്യഘട്ടത്തിൽ നടന്നത്. 30 പേർ മാറ്റുരച്ചു. ബിരുദവും ബിരുദാനന്തബിരുദവും ഉള്ളവർ മുതൽ ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ളവർ വരെയായിട്ടുള്ള വനിതകൾ ഒരേ വേദിയിൽ മാറ്റുരച്ചു. കുടുംബത്തിൽ അമ്മയുടെ റോൾ എങ്ങനെ നിർവഹിക്കുന്നുവെന്നറിയുന്നതിനുള്ള ഷോപ്പിങ് മത്സരവും ബ്രയിൻ ബാറ്റിലും തുടർന്ന് നടന്നു. മക്കളുടെ വളർച്ചക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളിൽ ഒരമ്മ എങ്ങനെ ഇടപെടുന്നു എന്ന് തിരിച്ചറിയുകയായിരുന്നു മത്സരങ്ങളുടെ പ്രധാന ലക്ഷ്യം. ഇതുപോലെ നിരവധി റൗണ്ടുകൾ കടന്ന് അവസാന റൗണ്ടിലേക്ക് റാഹിന ഹക്കീം, അമൃത ശ്രീലാൽ, ജസീന മനാഫ്, കൃപ എസ്. പിള്ള, മുബഷിറ കിനാകൂൾ എന്നിങ്ങനെ അഞ്ചുപേർ തെരഞ്ഞെടുക്കപ്പെട്ടു. റാപ്പിഡ് ഫയറും അഞ്ച് മിനുട്ട് ദൈർഘ്യമുള്ള സ്കിറ്റുമടക്കം സമൂഹത്തിൽ ഇടപെടുന്നതിലെ ആത്മ ധൈര്യം പരിശോധിക്കുന്ന മത്സരങ്ങളാണ് അവസാന റൗണ്ടിൽ നടന്നത്. റഹീന ഒന്നാമതെത്തി. സ്വന്തം സ്വപ്നങ്ങളെ മാറ്റിവെച്ച് കുടുംബത്തിന് വേണ്ടി സമർപ്പിച്ച കഴിഞ്ഞ 23 വർഷങ്ങൾക്ക് അർഥമുണ്ടന്ന് ബോധിപ്പിച്ച ഈ വിജയം എന്നിൽ ആത്മവിശ്വസം നിറക്കുന്നതായി റഹീന ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വിജയികൾക്ക് മീരാ നന്ദൻ സമ്മാനങ്ങൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

