ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി എട്ടാമത് മേച്ചേരി പുരസ്‌കാരം ടി.സി മുഹമ്മദിന്
text_fieldsജിദ്ദ: ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനും ചന്ദ്രിക പത്രാധിപരുമായിരുന്ന റഹീം മേച്ചേരിയുടെ സ്മരണാർഥം ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി നൽകിവരുന്ന മേച്ചേരി പുരസ്‌കാരത്തിന് ഇത്തവണ ടി.സി മുഹമ്മദിനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റഹീം മേച്ചേരിയുടെ സഹപ്രവർത്തകനായിരുന്ന ടി.സി മുഹമ്മദ് പ്രാസംഗികൻ, പരിഭാഷകൻ, മാധ്യമപ്രവർത്തകൻ തുടങ്ങിയ മേഖലയിൽ നടത്തിയ ദീർഘകാലത്തെ സേവനം പരിഗണിച്ചാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
ഇ.ടി മുഹമ്മദ് ബഷീർ എംപി ചെയർമാനും സി.പി സൈതലവി, സി.കെ ശാക്കിർ, രായിൻകുട്ടി നീറാട്, പി.വി ബാബു എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ഇത്തവണത്തെ മേച്ചേരി പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഏപ്രിൽ രണ്ടാം വാരത്തിൽ കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു.
ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന് സമഗ്ര സംഭാവന നൽകിയവർക്ക് 2007 മുതൽ രണ്ട് വർഷത്തിലൊരിക്കലാണ് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി മേച്ചേരി പുരസ്‌കാരം നൽകി വരുന്നത്. ഇ.ടി മുഹമ്മദ് ബഷീർ, എം.സി വടകര, എ.എം കുഞ്ഞിബാവ, സി.പി സൈതലവി, എം.ഐ തങ്ങൾ, റഹ്മാൻ തായ് ലങ്ങാടി, പി.എ റഷീദ് എന്നിവരാണ് നേരത്തെ ഈ പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്.
ജൂറി അംഗവും യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗവുമായ സി.കെ ശാക്കിർ, ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് എം.കെ നൗഷാദ്, സെക്രട്ടറി അൻവർ വെട്ടുപാറ, ഇസ്മായിൽ മുണ്ടക്കുളം, കെ.കെ മുഹമ്മദ്, കെ.പി അബ്ദുറഹ്മാൻ ഹാജി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

