മരൂഭൂമിയുടെ മകൾ ഉയരങ്ങൾ കീഴടക്കിയ കഥ; റാഹയുടെ അനുഭവ സാക്ഷ്യങ്ങളിൽ ‘തൻവീനിന്’ സമാപനം
text_fieldsദമ്മാം: മരുഭൂമിയുടെ പരപ്പുകളിൽ നിന്ന് ഉയരങ്ങൾ തേടിപ്പോയ ഒരു പെൺകുട്ടിയുടെ അനുഭവ വിവരണങ്ങളിൽ ആയിരങ്ങൾ വിസ്മയിച്ചു നിന്നു. ഒന്നും അസാധ്യമല്ലെന്ന് ചെറുചിരിയോടെ അവൾ അവരെ ഒാർമിപ്പിച്ചു. യാഥാസ്ഥിതിക ബോധത്തിെൻറ പരിമിതികൾ ഭേദിച്ച് പർവതങ്ങൾ കീഴടക്കിയ സൗദി പെൺകുട്ടി റാഹ മുഹർറക്കിെൻറ അനുഭവ വിവരണങ്ങൾ ദഹ്റാൻ ‘ഇത്റ’യിലെ തിങ്ങിനിറഞ്ഞ ഒാഡിറ്റോറിയത്തിലെ പ്രേക്ഷകർ അൽഭുതത്തോടെ കേട്ടിരുന്നു. 17 ദിവസമായി തുടരുന്ന ‘തൻവീൻ’ എന്ന സാംസ്കാരിക മേളയുടെ സമാപനമായിരുന്നു വേദി. 40 ശിൽപശാലകളിലായി 61 ഒാളം പ്രമുഖ പ്രഭാഷണങ്ങൾ അരങ്ങേറിയ തൻവീനിലെ ഏറ്റവും ശ്രദ്ധേയമായിരുന്ന ഇനമായിരുന്നു റാഹ മുഹർറക്കിെൻറ അനുഭവ വിവരണം.
‘മണ്ണിൽ നിന്ന് നക്ഷത്രങ്ങളിലേക്ക് ’വാക്യവുമായാണ് റാഹയെ ‘ഇത്റ’ വരവേറ്റത്. ലോകത്തിലെ ഉയരം കുടിയ എട്ട് കൊടുമുടികൾ കീഴടക്കിയ റാഹ ആദ്യമായി എവറസ്റ്റ് കീഴടക്കിയ സൗദി വനിതയാണ്. അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദവും, സിനർജി യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എയും പൂർത്തിയാക്കിയ റാഹ ചെറുപ്പം മുതൽ സാഹസിത ഇഷ്ടപെട്ടിരുന്നു.
ആദ്യമായി ആഫ്രിക്കയിലെ ‘കിളിമഞ്ചാരോ’ പർവത നിരകളുടെ ചിത്രമാണ് അതിനുമുകളിലെത്താനുള്ള മോഹം റാഹയിൽ ജനിപ്പിച്ചത്. റാഹയുടെ സ്വപ്നമറിഞ്ഞവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു. നിനക്കത് നടക്കില്ല. കാരണം നീയൊരു സൗദി പെൺകുട്ടിയാണ്. ആളുകളുടെ ഇൗ ധാരണകളെ തിരുത്തുക എന്ന വാശികൂടി അതോടെ റാഹയുടെ ഉള്ളിൽ ഇടം പിടിച്ചു. ‘നമുടെ ചുറ്റുമുള്ളതിനേക്കാൾ ശബ്ദത്തിൽ നമ്മുടെ ഹൃദയത്തിെൻറ മോഹങ്ങളേയും മനസ്സിെൻറ ആഗ്രഹങ്ങളേയും ശ്രദ്ധിക്കുക’.താൻ കടന്നുവന്ന വഴികളെ സാക്ഷിനിർത്തി ചുറ്റുമിരുന്നവരോട് റാഹ പറഞ്ഞു. കിളിമഞ്ചാരോയിൽ പോകാനുള്ള ആഗ്രഹവുമായി പിതാവിനെ സമീപിച്ചെങ്കിലും ‘പറ്റില്ല ’എന്ന ഒറ്റവാക്കിൽ റാഹയെ നിരുത്സാഹപെടുത്തി. ചുറ്റുമുള്ള ലോകം മുഴുവൻ എതിരുനിന്നപ്പോഴും റാഹയുടെ മോഹം എല്ലാ പ്രതിബന്ധങ്ങളുടേയും കൂടുപൊട്ടിച്ചു പറന്നുകൊണ്ടിരുന്നു. റാഹയുടെ ഒടുങ്ങാത്ത ആഗ്രഹങ്ങൾക്ക് മുന്നിൽ എല്ലാവർക്കും സമ്മതം മൂളേണ്ടി വന്നു.
20ാമത്തെ വയസ്സിൽ താൻസാനിയിലെത്തിയ റാഹ കിളിമഞ്ചാരോയുടെ ഉയരത്തിലെത്തുകതന്നെ ചെയ്തു. പക്ഷെ ഇത് അവസാനത്തെ അതിരല്ലെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. നിർത്താതെയുള്ള പ്രയത്നങ്ങൾക്കൊടുവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി എവറസ്റ്റും റാഹ കീഴടക്കി. ‘പടങ്ങളിൽ നിന്ന് എവറസ്റ്റിനെ കണ്ടപ്പോൾ മുതൽ മനസ്സിൽ ഇഷ്ടം തോന്നിതുടങ്ങിയിരുന്നു. പക്ഷെ നേപ്പാളിലെ ബേസ് ക്യാമ്പിൽ എവറസ്റ്റിെൻറ മുന്നിൽ വന്നു നിന്നപ്പോൾ വല്ലാത്തൊരു പ്രണയത്തിൽ വീണുപോയി. എവറസ്റ്റ് കീഴടക്കിയ ഹിലാരിയുടെ കാൽപാടുകളെയാണ് ഞാൻ പിന്തുടർന്നത്. ഉയരങ്ങൾ കീഴടക്കുക എന്ന ലക്ഷ്യം മാത്രം മനസ്സിൽ നിറഞ്ഞുനിന്നപ്പോൾ ചുറ്റുമുള്ളവർ വിരൽ ചൂണ്ടി വളിച്ചു പറഞ്ഞ പരിമിതികളെ ഞാൻ മറന്നു. ഞാനൊരു സൗദി പെൺകൊടിയാണ് എന്നത് എനിക്കൊരു പരിമിതിയേ ആയിരുന്നില്ല. ലോകത്തിെൻറ നെറുകയിൽ നിന്നപ്പോൾ ഞാനത് അർഹിക്കുന്നതായി എനിക്ക് തോന്നി. മരുഭൂമിയിൽ പിറന്ന ഞാൻ ആകാശത്തെ തൊട്ടിരിക്കുന്നു.’ ^ റാഹ പറയുന്നു.ഇത്രയും സാഹസികത നിറഞ്ഞ ദൗത്യത്തിന് എന്തുകൊണ്ട് ഒരു അറബി പെൺകുട്ടി തയ്യാറായി എന്ന ചോദ്യത്തിന് ഒന്നും അസാധ്യമല്ലെന്ന് എനിക്ക് ഇൗ ലോകത്തെ ബോധ്യപെടുത്തണമെന്ന തോന്നലാണ് പർവതങ്ങൾ കീഴടക്കാൻ േപ്രരിപ്പിച്ചതെന്ന് റാഹ പറഞ്ഞു. ഞാൻ അതിനു തയ്യാറായതുകൊണ്ട് മാത്രമാണ് ഇന്ന് നിങ്ങൾ എന്നെ അറിയുന്നത്. അല്ലെങ്കിൽ ഇൗ ജീവിത കോണിൽ ആരുമറിയാത്ത ഒരാളായി ഞാൻ മാറിപ്പോകുമായിരുന്നു. നിങ്ങളുെട സ്വപ്നങ്ങൾ കൊഴിഞ്ഞുപോകാൻ അനുവദിക്കരുത്. എനിക്കതാകുമെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്കും അതായിക്കൂടാ.’ സംസാരം അവസാനിപ്പിച്ചുകൊണ്ട് റാഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.