ബഹുസ്വരത, നീതി, സമാധാനം’; ത്രൈമാസ ദേശിയ കാമ്പയിൻ
text_fields‘ബഹുസ്വരത, നീതി, സമാധാനം’ ശീർഷകത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ബുറൈദയിൽ സംഘടിപ്പിച്ച കാമ്പയിൻ ഉദ്ഘാടനത്തിൽ നിന്ന്
ബുറൈദ: ‘ബഹുസ്വരത, നീതി, സമാധാനം’ എന്ന ശീർഷകത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ചുവരുന്ന ത്രൈമാസ ദേശിയ കാമ്പയിനിന് ബുറൈദയിൽ തുടക്കം കുറിച്ചു. ഒരു പൂന്തോട്ടത്തിലെ വിവിധ നിറങ്ങളുള്ള പുഷ്പങ്ങൾ പോലെ, ഹിന്ദുവും മുസൽമാനും കൃസ്ത്യനിയും ജൈനനും മതമുള്ളവനും മതമില്ലാത്തവനും ഒരേ ഭരണഘടനയെ അംഗീകരിച്ച് ജീവിക്കുകയെന്നതാണ് ബഹുസ്വരതയെന്ന് ബുറൈദ ജാലിയാത്ത് മലയാള വിഭാഗം അധ്യാപകൻ അഹ് മദ് ശജ്മീർ നദ് വി പറഞ്ഞു. ദേശീയ ക്യാമ്പയിനിന്റെ ബുറൈദ ഏരിയാതല കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാനാത്വത്തിൽ ഏകത്വം എന്ന പ്രമേയം നിലകൊള്ളുന്ന നമ്മുടെ ഇന്ത്യയിലെ ഏറ്റവും വലിയ അലങ്കാരമാണ് ആ ബഹുസ്വരതയെന്നും ബഹുസ്വര സമൂഹത്തിൽ സ്വസ്തയും സമാധാനവും നിലനിൽക്കാൻ തുല്ല്യ നീതി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം അസമാധാനവും അസന്തുലിതാവസ്ഥയും ഉടലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് വ്യത്യസ്ത അഭിപ്രായങ്ങളും ചിന്തധാരകളും ഉടലെടുക്കുന്ന വീട്, വിദ്യാലയം. തൊഴിലിടം സംഘടന തലങ്ങൾ തുടങ്ങിയ രാജ്യത്തിന്റെ എല്ലാമേഖലകളിലും അഭിപ്രായ സ്വാതന്ത്ര്യവും നീതിയും ഉറപ്പാക്കണമെന്നും അഹ്മദ് ശജ്മീർ നദ്വി കൂട്ടിച്ചേർത്തു. സുൽഫീക്കർ ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു.
വിവിധ മത ദർശനങ്ങളും ആശയങ്ങളും നൂറുകണക്കിന് ഗോത്രങ്ങളും സംസ്കാരങ്ങളും നിലനിൽക്കുന്ന ഇന്ത്യയെ മുന്കാലങ്ങളിൽ ഭരിച്ചിരുന്ന മുഗൾ രാജാക്കന്മാരും മറ്റും ഈ ബഹുസ്വരത ഉൾകൊണ്ടവരാണെന്നും ഏക സിവിൽ കോഡ് പോലുള്ള ബില്ലുകൾക്ക് ഒരു സമുദായത്തിനു തന്നെ ഏറെ ഭീഷണിയായിരിക്കെ, ഇന്ത്യ മഹാരാജ്യത്ത് അത് നടപ്പാക്കുന്നത് മുഖേന ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ആകയാൽ കാമ്പയിൻ പ്രമേയം കാലിക പ്രസക്തവും ഏറെ ചർച്ച ചെയ്യേണ്ട വിഷയമാണെന്നും യോഗം ഉദ്ഘാടനം ചെയ്ത ഡോ. ഫഖ്റുദ്ദീൻ കാലിക്കറ്റ് (ശിഫ ബുറൈദ പോളി ക്ലിനിക്) അഭിപ്രായപ്പെട്ടു.
റഷീദ് വാഴക്കാട് (തനിമ), അമീസ് സ്വലാഹി (ഒ.ഐ.സി.സി), ദിനേശ് മണ്ണാർക്കാട് (പ്രവാസി സംഘം), എം.സി. മുസ്തഫ (കെ.എം.സി.സി), അൻസാർ തോപ്പിൽ (ഇശൽ ബുറൈദ) എന്നിവർ ആശംസകൾ നേർന്നു. പരിപാടിയിൽ അബ്ദുല്ലത്തീഫ് കൊട്ടിയം സ്വാഗതവും ശിബു കൊല്ലം നന്ദിയും പറഞ്ഞു. അഹ്സൻ ആശിഖ് ഖുർആൻ പാരായണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

