വാതിലിൽ മുട്ടിവിളിച്ചതിനെ ചൊല്ലി തർക്കം കത്തിക്കുത്തിൽ കലാശിച്ചു
text_fieldsജുബൈൽ: വീടുമാറി വാതിലിൽ മുട്ടിവിളിച്ചതിനെ ചൊല്ലി തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ജുബൈൽ കൊനൈനി ഒന്ന് പെട്രോൾ പമ്പിന് സമീപം സ്വകാര്യ കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് അക്രമം ഉണ്ടായത്. വയറിനു പരിക്കേറ്റ നേപ്പാൾ സ്വദേശി ബീം ബഹാദൂർ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് എട്ടോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് സുഹൃത്തുക്കളെ അന്വേഷിച്ചു ചെന്ന ബീം ബഹാദൂർ വീടുമാറി മറ്റൊരു സംഘം താമസിച്ചിരുന്ന മുറിയുടെ വാതിലിൽ മുട്ടിവിളിച്ചു.
ഈ സമയം ഉള്ളിൽ മദ്യപിക്കുകയായിരുന്ന സംഘം വാതിൽ തുറക്കാൻ വിസമ്മതിച്ചു. ആരും തുറക്കാത്തതിനെ തുടർന്ന് യുവാവ് വാതിലിൽ തുടരെ മുട്ടിക്കൊണ്ടിരുന്നു. ഒടുവിൽ വാതിൽ തുറന്ന സംഘം നേപ്പാൾ സ്വദേശിയെ മുറിക്കുള്ളിലേക്ക് വലിച്ചിട്ട് പൊതിരെ തല്ലി. ഇതിനിടെ കൂട്ടത്തിലൊരാളുടെ കുത്തു കൊണ്ട് ബീം ബഹദൂറിെൻറ വയറ്റിൽ നീളത്തിൽ മുറിവേറ്റു.
ബഹളം കേട്ട് ഓടിക്കൂടിയവർ യുവാവിനെ ആശുപത്രിയിലെത്തിക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. വയറ്റിൽ 24 തുന്നലുമായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് കോടതിയിൽ പരാതി നൽകി. മുറിയിൽ കൂട്ടമായി മദ്യപിച്ച എട്ട് അംഗ സംഘത്തെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ പകുതി പേർ നേപ്പാൾ സ്വദേശികളും ബാക്കി ഇന്ത്യക്കാരുമാണ്. യുവാവിനെ കുത്തിയ വ്യക്തി ഇപ്പോഴും ജയിലിലാണ്. നഷ്ടപരിഹാരം വേണമെന്ന ബീം ബഹദൂറിെൻറ നിർബന്ധം കഴിഞ്ഞ ദിവസം ഉപേക്ഷിച്ചതായി പരിഭാഷകൻ അബ്ദുൽകരീം കാസിമി അറിയിച്ചു. മർദിച്ചവർക്ക് താൻ മാപ്പ് നൽകുന്നതായി കോടതിയിൽ എഴുതി നൽകിയിട്ടുണ്ട്. ലഹരി ഉപയോഗിച്ച കേസ് നിലനിൽക്കുന്നതിനാൽ അതിെൻറ ശിക്ഷ പ്രതികൾ അനുഭവിക്കേണ്ടിവരുമെന്ന് കാസിമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
