മദീനയിലെ ഖിബ്ലതൈൻ സാംസ്കാരിക കേന്ദ്രം; വികസന പദ്ധതി പുരോഗമിക്കുന്നു
text_fieldsവികസനപ്രവർത്തനങ്ങൾ നടക്കുന്ന മദീനയിലെ ഖിബ്ലതൈൻ സാംസ്കാരിക കേന്ദ്രം
മദീന: മദീനയിലെ ഖിബ്ലതൈൻ സാംസ്കാരിക കേന്ദ്രം വികസിപ്പിക്കുന്ന പദ്ധതിയുടെ 35 ശതമാനം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. 50,200 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മദീന മേഖല വികസന അതോറിറ്റിക്ക് കീഴിലാണ് പദ്ധതിയുടെ നിർമാണജോലികൾ പുരോഗമിക്കുന്നത്. സന്ദർശകർക്കും നമസ്കരിക്കാനെത്തുന്നവർക്കും നൽകുന്ന പൊതുസേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും 13,000ത്തിലധികം പേർക്ക് നമസ്കരിക്കാനുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനുമാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലമെന്ന നിലയിൽ സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും നഗര-സാമ്പത്തിക വികസനം വർധിപ്പിക്കുന്നതിനും പദ്ധതി സഹായിക്കും. മദീനയിലെ സാംസ്കാരിക പദ്ധതികളിലൊന്നാണിത്. സന്ദർശകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും കൂടിയാണ് ഇത് നടപ്പാക്കുന്നത്. സൗദി സന്ദർശിക്കുന്നവരുടെ അനുഭവം സമ്പന്നമാക്കുന്നതിന് പദ്ധതി സഹായിക്കും.
പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ പൂർത്തീകരണനിരക്ക് 35 ശതമാനമായി. അവശേഷിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള നടപടികൾ തുടരുകയാണ്. 38,000 ചതുരശ്ര മീറ്റർ വലുപ്പത്തിൽ പള്ളിയുടെ തെക്കുഭാഗമാണ് അവശേഷിക്കുന്നതിൽ പ്രധാനപ്പെട്ടത്. ഉപരിതല പാർക്കിങ്, സാംസ്കാരിക കേന്ദ്ര സമുച്ചയം, ഇൻഫർമേഷൻ ബിൽഡിങ്, പ്രദർശന ഹാൾ, വാണിജ്യ കെട്ടിടം, ഖിബ്ലതൈൻ ഗാർഡനും മസ്ജിദിന് ചുറ്റുമുള്ള മുറ്റങ്ങളും ബസ് പാർക്കിങ് ഏരിയയെ ബന്ധിപ്പിക്കുന്ന ഇടനാഴിയും ഇനി നിർമാണം പൂർത്തിയാകാനുള്ളതാണ്.
ആദ്യഘട്ടമായി 12,200 ചതുരശ്ര മീറ്റർ വിസ്തൃതിയിലെ വികസന പ്രവർത്തനങ്ങളാണ് പൂർത്തിയായത്. മസ്ജിദിന്റെ മുറ്റങ്ങൾ, എലിവേറ്റർ സേവനങ്ങൾ, എസ്കലേറ്ററുകൾ, വുദുവെടുക്കുന്നതിനുള്ള സ്ഥലങ്ങൾ, പൊതുസേവന കെട്ടിടങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ, ആരാധകർക്കും സന്ദർശകർക്കും കാത്തിരിപ്പ്, വിശ്രമ സ്ഥലങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയായത്. മൂന്നാംഘട്ടം മസ്ജിദിന് ചുറ്റുമുള്ള പാർപ്പിട പ്രദേശങ്ങൾ പുനരധിവസിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യലാണ്.
മദീനയിലെ ഇസ്ലാമിക ചരിത്രസ്ഥലങ്ങൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന വികസന പദ്ധതികളിലൊന്നാണ് ഖിബ്ലതൈൻ സാംസ്കാരിക കേന്ദ്ര പദ്ധതി. വാസ്തുവിദ്യയും സാംസ്കാരികവുമായ ഘടകങ്ങളും അതിന്റെ സാംസ്കാരിക മൂല്യം ഉയർത്തിക്കാട്ടുന്ന സൂചനകളും ചേർത്ത് ഖിബ്ലതൈൻ പള്ളിയുടെ ചരിത്രപരമായ മാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഇത് നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

