ദോഹ: മൂന്ന് മാസത്തിലേറെയായി തുടരുന്ന ഗൾഫ് പ്രതിസന്ധി പരിഹാരശ്രമങ്ങളുടെ ഭാഗമായി ഖത്തർ അമീർ ശൈഖ് തമീം ഹമദ് ബിൻ ആൽഥാനി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോൺ സംഭാഷണം നടത്തി. പ്രതിസന്ധി ഉടലെടുത്തശേഷം ആദ്യമായാണ് ഖത്തറിലെയും സൗദിയിലെയും നേതാക്കൾ പരസ്പരം സംസാരിക്കുന്നത്. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച വൈകീട്ട് ഖത്തർ അമീറുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തർ അമീറും സൗദി കിരീടാവകാശിയും ഫോണിൽ ബന്ധപ്പെട്ടത്.
ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ തുടക്കം മുതൽ മധ്യസ്ഥശ്രമവുമായി മുന്നിലുള്ള കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ അമേരിക്കൻ സന്ദർശനത്തിെൻറ തുടർച്ചയായാണ് നിലവിലെ സംഭവവികാസങ്ങൾ. അമീറും ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് യു.എസ് പ്രസിഡൻറ് ഖത്തർ അമീറുമായി ഫോണിൽ സംസാരിക്കുന്നത്. അതിെൻറ തുടർച്ചയായായിരുന്നു അമീറും സൗദി കിരീടാവകാശിയുമായുള്ള ഫോൺ സംഭാഷണം.