വിനോദവും വിജ്ഞാനവും നിറച്ച് ഖത്തർ ടോയ് ഫെസ്റ്റിവലിന് സമാപനം
text_fieldsദോഹ: സന്ദർശക പങ്കാളിത്തത്തിൽ സർവകാല റെക്കോർഡോടെ ഖത്തർ ടോയ് ഫെസ്റ്റിവൽ നാലാം പതിപ്പിന് സമാപനം. വിനോദവും വിജ്ഞാനവും നിറച്ച് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഒരു മാസം നീണ്ടുനിന്ന കുട്ടികളുടെ ഉത്സവത്തിനാണ് കൊടിയിറങ്ങിയത്. വിസിറ്റ് ഖത്തർ ഹലാ സമ്മർ കാമ്പയിന്റെ ഭാഗമായി സ്പേസ്ടൂൺ ഗ്രൂപ്പുമായി സഹകരിച്ച് ഖത്തർ കലണ്ടർ സംഘടിപ്പിച്ച ഫെസ്റ്റിവലിൽ ഇത്തവണ 1.48 ലക്ഷം സന്ദർശകരാണ് എത്തിയത്.
'ഭാവനകൾക്ക് അതിരുകളില്ല, വിനോദത്തിന്റെ വേറിട്ട ലോകം' എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. വിവിധ ഭാഗങ്ങളിൽ നിന്നായി സന്ദർശകർ എത്തിയ മേളയിൽ ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ പങ്കെടുത്തത്. 23,264 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാല് ഹാളുകളിലായി നടന്ന ഫെസ്റ്റിവലിൽ 7 പ്രത്യേക തീം സോണുകൾ, 63 അന്താരാഷ്ട്ര ബ്രാൻഡുകൾ, 33 ആക്റ്റിവിറ്റി കോർണറുകൾ, 480 ലൈവ് സ്റ്റേജ് ഷോകൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഇതോടൊപ്പം സംഘടിപ്പിച്ച 'ക്യു.ടി.എഫ് സമ്മർ ക്യാമ്പ് 2026'ൽ 4 നും 12 നും ഇടയിൽ പ്രായമുള്ള 417 കുട്ടികൾ പങ്കെടുത്തു. നാല് ആഴ്ചകളിലായി സ്റ്റെം, കെമിസ്ട്രി, ആർട്ട്, എൻജിനീയറിങ്, റോബോട്ടിക്‌സ്, അറബിക് ഭാഷ തുടങ്ങിയ മേഖലകളിൽ 76 വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ചു.
വർണ്ണാഭമായ സമാപന ചടങ്ങിൽ ആകർഷകമായ എം.സി സെഗ്‌മെന്റ്, ഫെസ്റ്റിവലിലെ മികച്ച നിമിഷങ്ങൾ കോർത്തിണക്കിയ റീക്യാപ്പ് വിഡിയോ, റതീൽ അൽ ഷെഹ്രിയുടെ പ്രഭാഷണം, മാസ്‌കോട്ടുകളുടെ നൃത്ത പ്രകടനം എന്നിവ കുട്ടികൾക്കും കുടുംബങ്ങൾക്കും മനോഹരമായ ഓർമ്മകൾ സമ്മാനിച്ചു. വർണ്ണാഭമായ ബലൂൺ ഡ്രോപ്പോടെയാണ് ആഘോഷങ്ങൾക്ക് തിരശ്ശീല വീണത്. ഖത്തർ ടോയ് ഫെസ്റ്റിവൽ വേനൽക്കാല സീസണിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നായി മാറിയെന്ന് വിസിറ്റ് ഖത്തർ ഫെസ്റ്റിവൽസ് ആൻഡ് ഈവന്റ്സ് ഡയറക്ടർ അഹമ്മദ് അൽ ബിനാലി പറഞ്ഞു. റെക്കോർഡ് പങ്കാളിത്തം മേളയുടെ വർധിച്ചുവരുന്ന ജനപ്രീതിയെയാണ് കാണിക്കുന്നത്. കുടുംബ -സൗഹൃദ വിനോദങ്ങളുടെ പ്രധാന കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ശക്തമാക്കുന്നതിന്റെ ഭാഗമായി വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളാണ് വിസിറ്റ് ഖത്തർ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

