സൗദി കിരീടാവകാശിക്ക് ഖത്തർ അമീറിന്റെ കത്ത്; ഇരുരാജ്യങ്ങളും ബന്ധം ശക്തിപ്പെടുത്തും
text_fieldsഖത്തർ അമീറിന്റെ കത്ത് സൗദി വിദേശകാര്യ ഉപമന്ത്രി വലീദ് അൽ ഖരീജ് സ്വീകരിച്ചപ്പോൾ
റിയാദ്: സൗദി അറേബ്യയുമായി ബന്ധം കൂടുതൽ ശക്തവും ഊഷ്മളവുമാക്കാൻ ഖത്തർ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന് ഇത് സംബന്ധിച്ച കത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി കഴിഞ്ഞദിവസം അയച്ചു. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റവുമടുത്ത ബന്ധമാണുള്ളത്.
ഒരു ഇടവേളക്കു ശേഷം ബന്ധം പുനഃസ്ഥാപിച്ച ശേഷം വിവിധ മേഖലകളിലായി സഹകരണവും സൗഹൃദവും കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങളാണുണ്ടാവുന്നത്. ഖത്തർ അമീറിന്റെ കത്ത് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന് വേണ്ടി റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് ഉപമന്ത്രി വലീദ് എൽ ഖെരീജ് സ്വീകരിച്ചു.
റിയാദിലെ ഖത്തർ അംബാസഡർ ബന്ദർ അൽ അത്തിയയാണ് കത്ത് കൈമാറിയത്.
കൂടിക്കാഴ്ചയിൽ പരസ്പര താൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. വിവിധ മേഖലകളിലെ സഹകരണവും ബന്ധവും ശക്തിപ്പെടുന്നത് അവലോകനം ചെയ്തു. ഇത് കൂടുതൽ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള വഴികൾ ആരായുകയും ചെയ്തു.
ജി.സി.സി രാജ്യങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതാക്കാനും ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും മേഖലയിൽ സുസ്ഥിര സമാധാനം നിലനിർത്താനും ഖത്തറുമായി ചേർന്നു പ്രവർത്തിക്കാൻ സൗദി നേരത്തേ ധാരണയിലെത്തിയിരുന്നു.
2021 ഡിസംബറിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഖത്തറിൽ സന്ദർശനം നടത്തിയതോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ഊഷ്മള ബന്ധം ഉണ്ടായത്.

