ഖസീം പ്രവാസി സംഘം 'പ്രവാസോത്സവ്' സമാപിച്ചു
text_fieldsഖസീം പ്രവാസി സംഘം ‘പ്രവാസോത്സവി’ലെ സാംസ്കാരിക സമ്മേളനം കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്യുന്നു
ബുറൈദ: ഖസീം പ്രവാസി സംഘത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന മെഗാ ഇവന്റ് 'പ്രവാസോത്സവ് 2022' സമാപിച്ചു. സ്കൂൾ വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും വേണ്ടി സംഘടിപ്പിച്ച കലാമത്സരങ്ങളോടെ പരിപാടികൾ ആരംഭിച്ചു. കുട്ടികൾക്കായി നടന്ന ചിത്രരചന മത്സരങ്ങളിലും കുടുംബങ്ങൾക്കായി നടന്ന മൈലാഞ്ചിയിടൽ, പായസ മത്സരങ്ങളിലും നിരവധി പേർ പങ്കെടുത്തു.
ബക്കർ കൂടരഞ്ഞി, നൈസാം തൂലിക, സതീശൻ ആനക്കയം എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച സംഘം പ്രവർത്തകരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ മേന്മാ പുരസ്കാരങ്ങൾ ചടങ്ങിൽ സമ്മാനിച്ചു. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് ഖസീം യൂനിവേഴ്സിറ്റി അസി. പ്രഫസർ ഡോ. സുഹാജ് നേതൃത്വം നൽകി. സാംസ്കാരിക സമ്മേളനം റിയാദ് കേളി മുഖ്യ രക്ഷാധികാരി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
സംഘം ജനറൽ സെക്രട്ടറി പർവീസ് തലശ്ശേരി അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഷാജി വയനാട്, റിയാദ് കേളി ആക്ടിങ് സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ജോസഫ് ഷാജി, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നിഷാദ് പാലക്കാട്, ട്രഷറർ റഷീദ് മൊയ്തീൻ, പ്രമോദ് കുര്യൻ (ഒ.ഐ.സി.സി), ശിഹാബ് (ഐ.സി.എഫ്), സുൽഫിക്കർ തച്ചംപൊയിൽ (കെ.എം.സി.സി), എൻജി. ബഷീർ, ഡോ. ഫഖ്റുദ്ദീൻ, റസാഖ്, ഹരിലാൽ എന്നിവർ സംസാരിച്ചു.
ഉണ്ണി കണിയാപുരം സ്വാഗതം പറഞ്ഞു. തുടർന്ന് ഖസീം പ്രവാസി സംഘത്തിന്റെ വിവിധ ഘടകങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും കേരളത്തിലെയും സൗദിയിലെയും പ്രശസ്ത ഗായകർ അണിനിരന്ന സംഗീതനിശയും അരങ്ങേറി. പ്രശസ്ത ഗായകരായ കണ്ണൂർ ശരീഫ്, ഫാസില ബാനു എന്നിവർ നയിച്ച സംഗീതസന്ധ്യയിൽ വിജേഷ് ചന്ദ്രു, സഫർ, സാദിഖ് തലശ്ശേരി എന്നിവരും ഗാനങ്ങൾ ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

