റഹീം കേസിൽ ക്രിമിനൽ കോടതി വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ നൽകി
text_fieldsറിയാദ്: സൗദി ബാലൻ മരിച്ച കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന് 20 വർഷം തടവുശിക്ഷ വിധിച്ച റിയാദ് ക്രിമിനൽ കോടതി വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ മേൽക്കോടതിയെ സമീപിച്ചു.
എന്നാൽ ഇത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് റിയാദ് സഹായസമിതി പ്രതികരിച്ചു. ഏതൊരു കീഴ്ക്കോടതി വിധിക്കും ശേഷം പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ പോകുന്നത് പതിവാണ്. സ്വാഭാവിക നടപടി മാത്രമാണ്. ഇതിൽ അസാധാരണമായി ഒന്നുമില്ലെന്നും കേസിന്റെ നിലവിലെ സ്ഥിതിയെ ബാധിക്കാൻ സാധ്യതയില്ലെന്നുമാണ് നിയമ വിദഗ്ദരിൽനിന്ന് മനസിലാക്കാൻ കഴിഞ്ഞതെന്നും സഹായ സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇക്കഴിഞ്ഞ മേയ് 26നാണ് റഹീമിന് 20 വർഷത്തെ തടവുശിക്ഷ വിധിച്ച് ക്രിമിനൽ കോടതി ഉത്തരവുണ്ടായത്. കേസിൽ അപ്പീൽ നൽകേണ്ടതില്ലെന്ന് അബ്ദുൽ റഹീം ഇന്ത്യൻ എംബസിയേയും അഭിഭാഷകരെയും അറിയിച്ചിരുന്നു. അപ്പീലിന് 30 ദിവസത്തെ സമയമുണ്ടായിരുന്നു. റഹീമിന്റെ അഭിഭാഷകരായ ഡോ. റെന അബ്ദുൽ അസീസ്, ഒസാമ അൽ അമ്പർ എന്നിവർ അപ്പീലിന് തയാറായെങ്കിലും റഹീമിന്റെ അഭിപ്രായം മാനിച്ച് മുന്നോട്ട് പോയില്ല. മേയ് 26ന് വിധി വന്നപ്പോഴും പിന്നീട് പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ നൽകിയെന്ന് അറിഞ്ഞപ്പോഴും അപ്പീലിന് പോകാൻ റഹീമിന്റെ അനുമതി തേടിയിരുന്നു. എന്നാൽ അപ്പീൽ വേണ്ടെന്ന നിലപാടാണ് റഹീം സ്വീകരിച്ചത്. അപ്പീൽ നൽകുന്നത് കേസ് നീളാൻ ഇടയാക്കുമെന്നും ജയിൽമോചനം അനിശ്ചിതത്തിലാക്കുമെന്നുമുള്ള ആശങ്കയാണ് കാരണം. തന്റെ വിസമ്മതം റഹീം ഇന്ത്യൻ എംബസിയെയും നിയമ സഹായസമിതിയെയും അറിയിച്ചിരുന്നു. അതുകൊണ്ടാണ് പ്രതിഭാഗം അപ്പീൽ നൽകാതിരുന്നത്. ഇക്കാര്യത്തിൽ കോടതിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറക്ക് അഭിഭാഷകരുമായി ബന്ധപ്പെട്ട് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കും.
അതേസമയം തടവുകാലം 19 വർഷം പൂർത്തിയാക്കിയതും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് റഹീമിന്റെ മോചനം വേഗത്തിലാക്കാൻ റിയാദ് ഗവർണർക്ക് അപേക്ഷ നൽകാനൊരുങ്ങുകയാണെന്നും സഹായസമിതി വാർത്താക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

