അൽ അഹ്സയിൽ പബ്ലിക് ബസ് സർവിസിന് തുടക്കം
text_fieldsഅൽ അഹ്സയിൽ പബ്ലിക് ബസ് സർവിസ് ഗവർണർ അമീർ സഊദ് ബിൻ തലാൽ ബിൻ ബദർ ഉദ്ഘാടനം ചെയ്തപ്പോൾ
അൽ അഹ്സ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ പബ്ലിക് ബസ് സർവിസിന് തുടക്കമായി. അൽ അഹ്സ ഗവർണർ അമീർ സഊദ് ബിൻ തലാൽ ബിൻ ബദർ ഉദ്ഘാടനം ചെയ്തു. ഗവർണറേറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റി, ഭവനകാര്യ മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽഹുഖൈലും ബന്ധപ്പെട്ട വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.
സുരക്ഷിതവും പ്രാപ്യവും പരിസ്ഥിതി സൗഹൃദപരവുമായ പൊതുഗതാഗത സൗകര്യം ഒരുക്കുന്നതിലൂടെ ജീവിതനിലവാരം ഉയർത്തുന്നതിനും ‘സൗദി വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായിക്കുന്ന തന്ത്രപരമായ ചുവടുവെപ്പാണിതെന്ന് ഗവർണർ പറഞ്ഞു. മേഖലയിലെ താമസക്കാർക്ക് സേവനം നൽകുന്നതിനും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഗതാഗത സംവിധാനം വികസിപ്പിക്കുന്നത് തുടരേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു.
അൽ അഹ്സയിലെ ഗതാഗതത്തിന്റെ ഗുണപരമായ മാറ്റം മാത്രമല്ല, സംയോജിത വികസന പദ്ധതികളിലൂടെയും പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള ഫലപ്രദമായ പങ്കാളിത്തത്തിലൂടെയും അൽ അഹ്സയെ സ്മാർട്ട്, ഹരിത, സുസ്ഥിര നഗരമാക്കി മാറ്റുകയെന്ന അഭിലാഷകരമായ ദർശനത്തിന്റെ ഒരു വിപുലീകരണം കൂടിയാണിതെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
മേഖലയിലയിലുടനീളം 135 ബസ് സ്റ്റോപ്പുകളും 336 കിലോമീറ്റർ നീളവുമുള്ള 10 റൂട്ടുകളാണ് പദ്ധതിയിലുള്ളതെന്ന് അൽ അഹ്സ മേയർ എൻജി. ഇസ്സാം ബിൻ അബ്ദുൽ ലത്തീഫ് അൽമുല്ലാ പറഞ്ഞു. 41 ബസുകളാണ് സർവിസ് നടത്തുക. ഇതിലേക്കായി 123 ഡ്രൈവർമാരെ നിയോഗിച്ചിട്ടുണ്ട്. പ്രതിദിനം 18 മണിക്കൂർ സർവിസ് നടത്തുമെന്നും മേയർ പറഞ്ഞു.
ഗതാഗതം സുഗമമാക്കുന്നതിനും തിരക്കും മലിനീകരണവും കുറക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതി സഹായകമാകും. മേഖലയിലെ താമസക്കാർക്ക് തൊഴിലവസരങ്ങൾ നൽകുന്നതിന് പുറമേ, കുറഞ്ഞ പ്രവർത്തന ചെലവും വിപുലീകരണത്തിനുള്ള ഉയർന്ന വഴക്കവും ഇതിന്റെ സംഭാവയാണെന്ന് മേയർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

