സ്വാതന്ത്ര്യനിഷേധത്തിനും ഭരണഘടന അട്ടിമറിക്കുമെതിരെ പ്രതിഷേധങ്ങളുയരണം -പ്രവാസി വെൽഫെയർ
text_fieldsപ്രവാസി വെൽഫെയർ ജിദ്ദ ഫൈസലിയ്യ യൂനിറ്റ് സംഗമത്തിൽ ‘ഭരണഘടനയും സ്വാതന്ത്ര്യവും’ എന്ന വിഷയത്തിൽ അഡ്വ. ഫിറോസ് മൂവാറ്റുപുഴ സംസാരിക്കുന്നു
ജിദ്ദ: സ്വാതന്ത്ര്യനിഷേധത്തിനും ഭരണഘടന അട്ടിമറിക്കുമെതിരെ പ്രതിഷേധങ്ങളുയരേണ്ടതുണ്ടെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റിയംഗം അഡ്വ. ഫിറോസ് മൂവാറ്റുപുഴ പറഞ്ഞു. പ്രവാസി വെൽഫെയർ ജിദ്ദ ഫൈസലിയ്യ യൂനിറ്റ് സംഗമത്തിൽ ‘ഭരണഘടനയും സ്വാതന്ത്ര്യവും’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന നൽകുന്ന അവകാശങ്ങളെക്കുറിച്ച് ഓരോ പൗരന്മാരും ബോധവാന്മാരാവേണ്ടതുണ്ട്.
ഭരണഘടനയെ അട്ടിമറിച്ച് മനുസ്മൃതി അടിസ്ഥാനമാക്കിയ സവർണ ഹിന്ദുത്വം അടിച്ചേൽപിക്കാനാണ് ഭരണകൂടം ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വ വംശീയതക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റം ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂനിറ്റ് പ്രസിഡന്റ് അബ്ഷിർ അധ്യക്ഷത വഹിച്ചു. അഷ്റഫ് പാപ്പിനിശ്ശേരി, റഷീദ് വട്ടപ്പറമ്പിൽ, മുനീർ ഇബ്രാഹിം, അജ്മൽ ഗഫൂർ, അഹമ്മദ് കാസിം, ഷമീർ തുടങ്ങിയവർ സംസാരിച്ചു. റഹീം കണ്ണൂർ നന്ദി പറഞ്ഞു.

